എപ്പോഴും എന്നെ സിനിമകള്‍ക്ക് നിര്‍ബന്ധിക്കുന്നത് ആ നടന്‍; ആടിന്റെ പരാജയത്തിന് ശേഷം അദ്ദേഹം പറഞ്ഞത്... മിഥുന്‍ മാനുവല്‍
Film News
എപ്പോഴും എന്നെ സിനിമകള്‍ക്ക് നിര്‍ബന്ധിക്കുന്നത് ആ നടന്‍; ആടിന്റെ പരാജയത്തിന് ശേഷം അദ്ദേഹം പറഞ്ഞത്... മിഥുന്‍ മാനുവല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st January 2024, 8:20 pm

2014ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന സിനിമയുടെ തിരക്കഥ ഒരുക്കിക്കൊണ്ട് സിനിമാ മേഖലയിലേക്ക് കടന്ന് വന്ന ആളാണ് മിഥുന്‍ മാനുവല്‍ തോമസ്. കോമഡി ഴോണറിലുള്ള ആട് സംവിധാനം ചെയ്ത് കൊണ്ട് പിന്നീട് മിഥുന്‍ സംവിധായകന്റെ കുപ്പായവുമണിഞ്ഞു.

വളരെ കുറഞ്ഞ സിനിമകള്‍ കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മിഥുന്‍. വ്യത്യസ്തമായ ഴോണറിലുള്ള ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകരില്‍ ഒരാള്‍ കൂടെയാണ് മിഥുന്‍ മാനുവല്‍ തോമസ്.

എങ്കിലും അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രമായ ആട് തിയേറ്ററില്‍ വന്‍ പരാജയമായിരുന്നു. ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ അബ്രഹാം ഓസ്ലറിന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആടിലെ നായകനായ ജയസൂര്യയെ കുറിച്ച് സംസാരിക്കുകയാണ് മിഥുന്‍.

‘ജയേട്ടന്‍ എന്റെ നല്ല ഒരു ഫ്രണ്ടാണ്. പുള്ളി വളരെ പോസിറ്റീവ് ആയിട്ട് എപ്പോഴും സിനിമകള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന ആളാണ്. നമ്മള്‍ ഒന്ന് ഡൗണ്‍ ആയാല്‍ പോലും ‘സാരമില്ല, അടുത്തതില്‍ പിടിക്കാം’ എന്ന് പറയും.

ആട് കഴിഞ്ഞ് അതിന്റെ വിഷമത്തില്‍ ഇരിക്കുമ്പോള്‍ ‘അത് കുഴപ്പമില്ല, നീ അടുത്ത സിനിമ ആലോചിക്കൂ’ എന്നാണ് ജയേട്ടന്‍ പറഞ്ഞത്.

വളരെ ആത്മവിശ്വാസത്തോടെ ഞാന്‍ എന്ന സംവിധായകനെ പ്രോത്സാഹിപ്പിച്ച എന്റെ ആദ്യ സിനിമയിലെ നായകനാണ് അദ്ദേഹം,’ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.

അഭിമുഖത്തില്‍ നടന്‍ അജു വര്‍ഗീസിനെ കുറിച്ചും മിഥുന്‍ സംസാരിച്ചു. അജു വര്‍ഗീസാണ് തനിക്ക് സിനിമയിലേക്കുള്ള പ്രവേശനം വളരെ എളുപ്പമാക്കിയതെന്നും തുടക്കകാലത്ത് അജു തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും മിഥുന്‍ പറയുന്നു.

തന്നെ എല്ലാവര്‍ക്കും പരിചയപെടുത്തി കൊടുത്തത് അജു വര്‍ഗീസാണെന്നും തന്റെ ഗോഡ് ഫാദറാണ് അവനെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു. തന്നില്‍ അജുവെന്ന വ്യക്തിയുണ്ടാക്കിയ ഇമ്പാക്റ്റ് വലുതാണെന്നും മിഥുന്‍ മാനുവല്‍ പറയുന്നുണ്ട്.


Content Highlight: Midhun Manuel Thomas Talks About Jayasurya