ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ഇമോഷണല്‍ ക്രൈം ത്രില്ലര്‍ ചിത്രമാണിത്.
അഞ്ചാം പാതിര എന്ന വലിയ വിജയ ചിത്രത്തിന് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ അബ്രഹാം ഓസ്ലറിന് വേണ്ടി കാത്തിരുന്നത്.
തന്റെ ഈ സിനിമയില്‍ ഇമോഷനാണ് കൂടുതലെന്നും അഞ്ചാം പാതിരയില്‍ നിന്നും മാറി നില്‍ക്കുന്നതിനാലാണ് താന്‍ ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നും മിഥുന്‍ പറഞ്ഞു.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടപ്പോള്‍ അതില്‍ ഇമോഷണല്‍ ക്രൈം ത്രില്ലര്‍ ഡ്രാമ എന്ന ഒരു കാര്‍ഡ് വെച്ചിരുന്നെന്നും എന്നാല്‍ അത് മാത്രം ആരും കണ്ടില്ലെന്നും അദ്ദേഹം പറയുന്നു.
ചിത്രത്തിന്റെ റിലീസിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഓസ്ലറില്‍ എന്തുകൊണ്ടായിരുന്നു വയലന്‍സ് ഉണ്ടാവാതിരുന്നതെന്നും ഇന്‍വെസ്റ്റിഗേഷന്‍ മൂഡിലുള്ള ക്രൈം ത്രില്ലര്‍ ആകാന്‍ കാരണം എന്തായിരുന്നു എന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മിഥുന്‍.
‘ഈ സിനിമയില്‍ ഇമോഷന്‍ ആണ് കൂടുതലും. അഞ്ചാം പാതിരയില്‍ നിന്നും മാറി നില്‍ക്കുന്നു എന്ന കാരണത്താല്‍ തന്നെയായിരുന്നു ഞാന്‍ ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. പിന്നെ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത് വിട്ടപ്പോള്‍ ഞാന്‍ അതില്‍ ‘ഇമോഷണല്‍ ക്രൈം ത്രില്ലര്‍ ഡ്രാമ’ എന്ന ഒരു കാര്‍ഡ് വെച്ചിരുന്നു.
അത് മാത്രം ആരും കണ്ടില്ല. അതിന് ശേഷം എല്ലാ അഭിമുഖങ്ങളിലും ഞാന്‍ ഇമോഷണല്‍ എന്ന വാക്ക് പറഞ്ഞതാണ്. ഞാന്‍ ഇനിയും ആവര്‍ത്തിക്കുന്നു, ഇത് ഒരു ഇമോഷണല്‍ ക്രൈം ത്രില്ലര്‍ ഡ്രാമയാണ്. ഭൂതകാലം ദുരന്തമായി മാറിയ ആളുകളുടെ കഥയാണ്,’ മിഥുന്‍ മാനുവല്‍ പറഞ്ഞു.
Content Highlight: Midhun Manuel Thomas Talks About Emotional Crime Thriller Drama