| Sunday, 21st January 2024, 5:52 pm

ആ നടനാണ് എന്റെ ഗോഡ് ഫാദര്‍; ഉപദേശിക്കാറില്ലെങ്കിലും അയാള്‍ എന്നിലുണ്ടാക്കിയ ഇമ്പാക്റ്റ് അതിഭീകരമാണ്: മിഥുന്‍ മാനുവല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ കുറഞ്ഞ സിനിമകള്‍ കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. 2014ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന സിനിമയുടെ തിരക്കഥ ഒരുക്കിക്കൊണ്ടായിരുന്നു അദ്ദേഹം സിനിമാ മേഖലയിലേക്ക് കടന്ന് വന്നത്.

കോമഡി ഴോണറിലുള്ള ആട് സംവിധാനം ചെയ്ത് കൊണ്ട് പിന്നീട് മിഥുന്‍ സംവിധായകന്റെ കുപ്പായവുമണിഞ്ഞു. വ്യത്യസ്തമായ ഴോണറിലുള്ള ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകരില്‍ ഒരാള്‍ കൂടെയാണ് മിഥുന്‍ മാനുവല്‍ തോമസ്.

ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ അബ്രഹാം ഓസ്ലറിന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ അജു വര്‍ഗീസിനെ കുറിച്ച് സംസാരിക്കുകയാണ് മിഥുന്‍.

അജു വര്‍ഗീസാണ് തനിക്ക് സിനിമയിലേക്കുള്ള പ്രവേശനം വളരെ എളുപ്പമാക്കിയതെന്നും തുടക്കകാലത്ത് അജു തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും മിഥുന്‍ പറഞ്ഞു.

തന്നെ എല്ലാവര്‍ക്കും പരിചയപെടുത്തി കൊടുത്തത് അജു വര്‍ഗീസാണെന്നും തന്റെ ഗോഡ് ഫാദറാണ് അവനെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു. തന്നില്‍ അജുവെന്ന വ്യക്തിയുണ്ടാക്കിയ ഇമ്പാക്റ്റ് വലുതാണെന്നും മിഥുന്‍ മാനുവല്‍ പറയുന്നു.

‘അജു ആണ് എനിക്ക് എന്റെ സിനിമയിലേക്കുള്ള പ്രവേശനം വളരെ എളുപ്പമാക്കിയത്. കാരണം തുടക്കകാലത്ത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് അവന്‍. എന്നെ എല്ലാവര്‍ക്കും പരിചയപെടുത്തി കൊടുത്തത് അവനാണ്.

എന്റെ ഗോഡ് ഫാദറാണ് അവന്‍. പുള്ളി അങ്ങനെ ഉപദേശമായിട്ട് ഒന്നും തരാറില്ല. എന്നാല്‍ അവന്‍ എന്നില്‍ ഉണ്ടാക്കിയ ഇമ്പാക്റ്റ് അതിഭീകരമാണ്,’ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.

തന്റെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളും വിഷമിച്ച നിമിഷങ്ങളും ആടുമായി ബന്ധപ്പെട്ടാണെന്നും ആട് ഒന്നാം ഭാഗം പരാജയപ്പെട്ടപ്പോഴാണ് താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചതെന്നും സന്തോഷിച്ചത് ആട് രണ്ടാം ഭാഗം വിജയിച്ചപ്പോഴാണെന്നും മിഥുന്‍ മാനുവല്‍ അഭിമുഖത്തില്‍ പറയുന്നു.

ആരും പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗമെടുത്ത് വിജയിപ്പിച്ചിട്ടില്ലെന്നും ആ സാഹസത്തിന് മറ്റാരും മുതിരാറില്ലെന്നും അതുകൊണ്ട് ആട് വിജയിച്ചപ്പോള്‍ സാധാരണ സിനിമ വിജയിക്കുന്നതിനേക്കാള്‍ സന്തോഷമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


Content Highlight: Midhun Manuel Thomas Talks About Aju Varghese

We use cookies to give you the best possible experience. Learn more