ആട് എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ താന്‍ അനുഭവിച്ച അത്രയും സംഘര്‍ഷം ഇനിയൊരിക്കലും തനിക്ക് തന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടാകില്ലെന്ന് പറയുകയാണ് മിഥുന്‍ മാനുവല്‍ തോമസ്. ഒരു പുതിയ സംവിധായകന്റെ ആദ്യ പടം പരാജയപെടുകയെന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറയുന്നു.
ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മിഥുന്‍ മാനുവല്‍ തോമസ്. സിനിമയില്‍ പരാജയത്തില്‍ നിന്ന് വീണ്ടും മുകളിലേക്ക് കയറി വരുന്നത് അത്ര എളുപ്പമല്ലെന്നും പിന്നീട് ആരാണ് അടുത്ത പടത്തില്‍ വിശ്വസിച്ച് ഇന്‍വെസ്റ്റ് ചെയ്യുകയെന്ന ചോദ്യമുണ്ടെന്നും മിഥുന്‍ പറഞ്ഞു.
താന്‍ ആട് സിനിമയുടെ തിരിച്ച് വരവ് പ്രതീക്ഷിച്ചിരുന്നില്ലെന്നും തിരിച്ചു വരവുണ്ടായപ്പോള്‍ ഒരുപാട് ആശ്വാസം തോന്നിയെന്നും അദ്ദേഹം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. ആ സിനിമയുടെ പരാജയത്തിന് ശേഷം ആളുകള്‍ പിന്നീട് തന്നെ വിളിക്കുന്നത് ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയുടെ വിജയത്തിന് ശേഷമാണെന്നും മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.
‘ആട് പരാജയപ്പെട്ടപ്പോള്‍ ഞാന്‍ അനുഭവിച്ച അത്രയും സംഘര്‍ഷം ഇനിയൊരിക്കലും എനിക്ക് എന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടാകില്ല. ഒരു പുതിയ സംവിധായകന്റെ ആദ്യത്തെ പടം തന്നെ പൊട്ടുകയെന്ന് പറയുന്നത് വലിയ കാര്യമാണ്. സാരമില്ല, നമുക്ക് അടുത്ത സിനിമ ചെയ്യാമെന്ന് പറഞ്ഞ് ജയേട്ടന്‍ എന്നെ സമാധാനിപ്പിച്ചു.
നീ അടുത്ത കഥ പറയെടായെന്ന് പറഞ്ഞാണ് അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചത്. പരാജയത്തില്‍ നിന്ന് വീണ്ടും കയറി വരികയെന്ന് പറയുന്നത് അത്ര എളുപ്പമല്ല. പിന്നീട് ആരാണ് ആ സംവിധായകന്റെ അടുത്ത പടത്തില്‍ വിശ്വസിച്ച് ഇന്‍വെസ്റ്റ് ചെയ്യുകയെന്ന ചോദ്യമുണ്ട്.
അന്ന് ആട് സിനിമയുടെ തിരിച്ച് വരവ് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ ഒരു തിരിച്ചു വരവ് ഉണ്ടായപ്പോള്‍ എനിക്ക് ഒരുപാട് ആശ്വാസം തോന്നി. അപ്പോഴും തിയേറ്ററില്‍ പൊട്ടിയ പടം തന്നെയാണ് ആട്. സിനിമനയുടെ രണ്ടാം ഭാഗം വര്‍ക്കാകുന്നത് ആദ്യ ഭാഗത്തിന്റെ പോപ്പുലാരിറ്റിയുടെ മുകളിലാണ്.
ഇന്നും എനിക്ക് ഒരു കാര്യം ഓര്‍മയുണ്ട്. ആട് സിനിമയുടെ റിലീസ് വരെ എന്നെ ഫോണ്‍ വിളിച്ചു കൊണ്ടിരുന്ന പലരും ആ സിനിമയുടെ പരാജയത്തിന് ശേഷം പിന്നീട് എന്നെ വിളിക്കാന്‍ ആന്‍ മരിയ വിജയിക്കേണ്ടി വന്നു,’ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.
Content Highlight: Midhun Manuel Thomas Talks About Aanmariya Kalippilaanu Movie