Entertainment
ആട് ത്രീയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത നിങ്ങള്‍ക്ക് ഇഷ്ടമാകുന്ന മേജര്‍ ഴോണര്‍ ഷിഫ്റ്റ് ചെയ്യുന്നുണ്ട്: മിഥുന്‍ മാനുവല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 28, 08:39 am
Tuesday, 28th January 2025, 2:09 pm

മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആരാധകരുള്ള ചിത്രമാണ് ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമ. മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം അന്ന് ബോക്സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു.

എന്നാല്‍ പരാജയത്തിന് ശേഷം ചിത്രത്തിന്റെ ഡി.വി.ഡി റിലീസായതോടെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകരണമായിരുന്നു ആടിന് ലഭിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആട് 2വും മിഥുന്‍ മാനുവല്‍ ഒരുക്കിയിരുന്നു.

ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗം വലിയ വിജയമായ ചരിത്രമായിരുന്നു അന്ന് മലയാളികള്‍ കണ്ടത്. ബോക്സ് ഓഫീസില്‍ വിജയമായ ചിത്രം മൂന്നാം ഭാഗത്തിനുള്ള സാധ്യത ബാക്കി വെച്ചിരുന്നു. പിന്നാലെ ആട് 3യുടെ കാത്തിരിപ്പിലാണ് ആരാധകര്‍.

ഇപ്പോള്‍ ആട് 3യെ കുറിച്ച് സംസാരിക്കുകയാണ് മിഥുന്‍ മാനുവല്‍ തോമസ്. ഒരുപാട് വലിയ സിനിമയായിട്ടാണ് ആട് വരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയില്‍ വന്നു കൊണ്ടിരിക്കുന്ന നിലവിലെ മാറ്റങ്ങളും പരീക്ഷണങ്ങളും പുതിയ സങ്കേതങ്ങളും കോണ്‍സെപ്റ്റുകളുമൊക്കെ കൊണ്ടുവരാനാകുമോയെന്ന് പരിശോധിക്കുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു.

ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു മിഥുന്‍ മാനുവല്‍ തോമസ്. ആരും പ്രതീക്ഷിക്കാത്തതും ആളുകള്‍ക്ക് ഇഷ്ടമാകുന്നതുമായ ഒരു മേജര്‍ ഴോണര്‍ ഷിഫ്റ്റ് ആടില്‍ ചെയ്യുന്നുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ കണ്ടിട്ടില്ലാത്ത സിനിമകള്‍ അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ ഫിലിം മേക്കേഴ്‌സ് ശ്രമിക്കുന്നത്. ഇനി ഇറങ്ങാന്‍ പോകുന്ന സിനിമ നോക്കിയാല്‍, കഴിഞ്ഞ ദിവസം എമ്പുരാന്റെ ടീസര്‍ വന്നിരുന്നല്ലോ. നമ്മള്‍ കണ്ടിട്ടില്ലാത്ത അത്രയും വലിയ ക്യാന്‍വാസിലാണ് ആ സിനിമ വരുന്നത്.

ഇതുവരെ കണ്ടിട്ടില്ലാത്തത് കാണിച്ചു കൊടുക്കാനായി ഇപ്പോള്‍ നല്ല ടെക്‌നോളജിയുണ്ട്. ആ ടെക്‌നോളജിയൊക്കെ നമുക്ക് അഫോര്‍ഡബിളുമാണ്. ആട് ത്രീ അല്‍പ്പം കൂടെ. അല്‍പ്പം കൂടെയല്ല, ഒരുപാട് വലിയ സിനിമ ആയിട്ടാണ് വരുന്നത്.

അതിനകത്ത് സിനിമയില്‍ വന്നു കൊണ്ടിരിക്കുന്ന നിലവിലെ മാറ്റങ്ങളും പരീക്ഷണങ്ങളും പുതിയ സങ്കേതങ്ങളും കോണ്‍സെപ്റ്റുകളുമൊക്കെ കൊണ്ടുവരാനാകുമോയെന്ന് നമ്മള്‍ പരിശോധിക്കുന്നുണ്ട്. നിങ്ങള്‍ പ്രതീക്ഷിക്കാത്ത, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമാകുന്ന ഒരു മേജര്‍ ഴോണര്‍ ഷിഫ്റ്റ് നമ്മള്‍ ആടില്‍ ചെയ്യുന്നുണ്ട്,’ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.

Content Highlight: Midhun Manuel Thomas Talks About Aadu Three