ആട് സീരിസോ അഞ്ചാം പാതിരയോ അല്ല; ഇതുവരെ സംവിധാനം ചെയ്തതില്‍ ഇഷ്ട ചിത്രം പറഞ്ഞ് മിഥുന്‍ മാനുവല്‍ തോമസ്
Movie Day
ആട് സീരിസോ അഞ്ചാം പാതിരയോ അല്ല; ഇതുവരെ സംവിധാനം ചെയ്തതില്‍ ഇഷ്ട ചിത്രം പറഞ്ഞ് മിഥുന്‍ മാനുവല്‍ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th August 2021, 11:06 pm

മലയാള സിനിമയിലെ യുവ സംവിധായകരില്‍ ശ്രദ്ധേയനാണ് മിഥുന്‍ മാനുവല്‍ തോമസ്. ആട് സീരിസിലൂടേയും അഞ്ചാം പാതിരയിലൂടേയും തന്റേതായൊരു ഇടം മിഥുന്‍ ഇതിനോടകം തന്നെ നേടിയിട്ടുണ്ട്.

ഇപ്പോഴിതാ താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് പറയുകയാണ് സംവിധായന്‍. അത് പ്രേക്ഷകര്‍ ആഘോഷമാക്കിയ ആട് സീരിസോ അഞ്ചാം പാതിരയോ അല്ലെന്ന സൂചനയാണ് മിഥുന്‍ നല്‍കുന്നത്.

ആന്‍മരിയ കലിപ്പിലാണ് താന്‍ ഇതുവരെ സംവിധാനം ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമെന്ന് മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു. ചിത്രം റിലീസ് ചെയ്തതിന്റെ വാര്‍ഷിക ദിനമായ ആഗസ്റ്റ് 5ന് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു മിഥുന്‍ ഇക്കാര്യം പറഞ്ഞത്.

‘ഇതുവരെ ചെയ്തതിലെ ഏറ്റവും പ്രിയപ്പെട്ട സിനിമയുടെ അഞ്ചാം വാര്‍ഷികം. ആന്‍മരിയ കലിപ്പിലാണ്,’ മിഥുന്‍ കുറിച്ചു.

സണ്ണി വെയിന്‍, സാറ അര്‍ജുന്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയിരുന്നു.

ആന്‍ മരിയ എന്ന കുട്ടിയും പൂമ്പാറ്റ ഗിരീഷ് എന്ന ഗുണ്ടയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. 2016 ആഗസ്റ്റ് 5 നായിരുന്നു ചിത്രം തീയറ്ററുകളിലെത്തിയത്.

അഞ്ചാം പാതിരയാണ് ഒടുവിലായി മിഥുന്‍ സംവിധാനം ചെയ്ത ചിത്രം. ഈ സിനിമയുടെ ഹിന്ദി റീമേക്കും ഇദ്ദേഹം തന്നെയാണ് സംവിധാനം ചെയ്യുന്നത്. അഞ്ച് ആഴ്ചകള്‍കൊണ്ട് അമ്പത് കോടി കളക്ഷന് നേടിയ മലയാള ചിത്രമാണ് അഞ്ചാം പാതിര. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ വെച്ച് മികച്ച ത്രില്ലറായാണ് ചിത്രം പരിഗണിക്കപ്പെടുന്നത്.

നിവിന്‍പോളി ചിത്രം ഓം ശാന്തി ഓശാനയിലെ സഹ തിരക്കഥാകൃത്തായി ആണ് മലയാളസിനിമയിലേക്ക് മിഥുന്‍ എത്തിയത്. തുടര്‍ന്ന് ആട്, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Midhun Manuel Thomas Talking about my favorite movie ever made