| Saturday, 18th November 2023, 9:20 am

വഴിതെറ്റിക്കാമെന്ന് കരുതി ഒന്നും എഴുതുന്നില്ല, പൊളിറ്റിക്കൽ കറക്റ്റ്നസ് സംഭാഷണങ്ങളിൽ മാത്രം ശ്രദ്ധിച്ചാൽ മതി: മിഥുൻ മാനുവൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരക്കഥാകൃത്തായും സംവിധായകനായും വലിയ സ്വീകാര്യത നേടിയെടുത്ത വ്യക്തിയാണ് മിഥുൻ മാനുവൽ തോമസ്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് വിജയ പരാജയങ്ങൾ അടുത്തറിഞ്ഞ സംവിധായകനാണ് അദ്ദേഹം.

സിനിമകളിൽ പുനർ വായനകൾ വലിയ ചർച്ചയാവുന്ന ഈ സമയത്ത് ചിത്രങ്ങളിലെ പൊളിറ്റിക്കൽ കറക്റ്റ്നസിനെ കുറിച്ച് സംസാരിക്കുകയാണ് മിഥുൻ മാനുവൽ.

പൊളിറ്റിക്കൽ കറക്റ്റ്നസ് എന്നത് ഒരു സിനിമയുടെ സംഭാഷണങ്ങളിൽ മാത്രം കേന്ദ്രികരിച്ചാണ് ഉള്ളതെന്നാണ് മിഥുൻ മാനുവൽ പറയുന്നത്. കഥാപാത്രം അനുസരിച്ചാണ് ഒരു സിനിമയുടെ കഥ എഴുതുന്നതെന്നും സിനിമ വഴിതെറ്റിക്കുമെന്ന തരത്തിൽ ഒന്നും എഴുതുന്നില്ലെന്നും മിഥുൻ മാനുവൽ കൂട്ടിച്ചേർത്തു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൊളിറ്റിക്കൽ കറക്റ്റ്നസ് എന്നത് ഒരു സിനിമയിലെ സംഭാഷണങ്ങളിൽ മാത്രം ശ്രദ്ധിച്ചാൽ മതി. കാരണം കഥ എന്ന് പറയുന്നത് കഥ തന്നെയാണല്ലോ.

ഇപ്പോൾ ഞാനൊരു സിനിമയിൽ ദുഷ്ടനായ വില്ലനായാൽ ഞാൻ മുഴുവനായി പൊളിറ്റിക്കലി ഇൻകറക്റ്റ് ആവുമല്ലോ. എന്റെ കഥാപാത്രം അങ്ങനെയാണെങ്കിൽ എന്റെ വായയിൽ നിന്ന് പൊളിറ്റിക്കലി കറക്റ്റായ കാര്യങ്ങൾ വരുമോ? ഇല്ലല്ലോ. അങ്ങനെ മാത്രം ആലോചിച്ചാൽ മതി.

ഒരു ആവശ്യവുമില്ലാതെ ചില സന്ദർഭങ്ങളും, സംഭാഷണങ്ങളുമൊന്നും സിനിമയിൽ കാണിക്കേണ്ട കാര്യമില്ലല്ലോ. കഥാപാത്രങ്ങളും സന്ദർഭങ്ങളും അത് ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ മാത്രം അവതരിപ്പിച്ചാൽ പോരെ. അങ്ങനെ കഥാപാത്രനിർമ്മിതിയിൽ മാത്രം ശ്രദ്ധിച്ചാൽ മതി.

ഒരു പൊളിറ്റിക്കലി കറക്റ്റ് ആയ സീൻ എഴുതാം എന്ന് കരുതി കഥ എഴുതുന്നതല്ല. നമ്മൾ അങ്ങ് എഴുതി പോകുന്നതാണ്. അപ്പോൾ സിനിമയിൽ അനാവശ്യമായി ഇൻകറക്റ്റ് ആയിട്ടുള്ള ഒരു കാര്യവും എഴുതുന്നില്ല. സിനിമകൾ വഴി തെറ്റിക്കുന്നു എന്ന് പറയുന്ന തരത്തിൽ ഒന്നും എഴുതുന്നില്ല. സിനിമയിലെ കഥാപാത്രത്തിനനുസരിച്ചാണ് എഴുതുന്നത്,’ മിഥുൻ മാനുവൽ തോമസ് പറയുന്നു.

തിയേറ്ററിൽ ഓടി കൊണ്ടിരിക്കുന്ന ഗരുഡൻ, ഫീനിക്സ് എന്നീ ചിത്രങ്ങളുടെയും റിലീസ് ആവാനിരിക്കുന്ന മമ്മൂട്ടി – വൈശാഖ് ചിത്രം ടർബോയുടെയും തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവലാണ്.

അഞ്ചാം പാതിരയ്ക്ക് ശേഷം ജയറാമിനെ നായകനാക്കി ഒരുക്കുന്ന ഓസ്‌ലര്‍ അടുത്തതായി മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനുള്ളത്.

Content Highlight: Midhun Manuel Thomas Talk About Political Correctness In Films

We use cookies to give you the best possible experience. Learn more