മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്‌ലർ. ജയറാം പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ഒരു മെഡിക്കൽ ത്രില്ലറാണ്.
അഞ്ചാം പാതിര എന്ന വലിയ വിജയത്തിന് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
പ്രഖ്യാപനം മുതൽക്കുതന്നെ വലിയ ചർച്ചയായ സിനിമയായിരുന്നു അബ്രഹാം ഓസ്‌ലർ. ചിത്രത്തിൽ നടൻ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുമെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരിന്നു. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിലും മമ്മൂട്ടിയുടെ ശബ്‌ദം മാത്രം കേൾക്കുന്നുണ്ട്.
എന്നാൽ അത് മമ്മൂട്ടിയുടെ ശബ്‌ദമല്ലെന്നും ടെക്നിക്കൽ പരമായി പറ്റിയ ഒരു തെറ്റാണെന്നും മിഥുൻ പറയുന്നു.
താനും ട്രെയ്ലറിന് ശേഷമാണ് അതറിഞ്ഞതെന്നും ഷൂട്ടിങിനിടയിൽ ഒരിക്കൽ പോലും മമ്മൂട്ടിയെ താൻ കണ്ടിട്ടില്ലെന്നും മിഥുൻ മാനുവൽ പറയുന്നു. റേഡിയോ സുനോയോട് സംസാരിക്കുകയായിരുന്നു മിഥുൻ.
‘ആ സൗണ്ട് ആരുടേതായിരുന്നു. അത് സൗണ്ട് മിക്സിങ് എഞ്ചിനിയർക്ക് എന്തോ തെറ്റ് പറ്റിയതാണ്. ഞാനും ട്രെയ്ലർ ഇറങ്ങി കഴിഞ്ഞപ്പോഴാണ് അതറിയുന്നത്. അതൊരു ടെക്നികൽ ഗ്ലിച്ചാണ്. എവിടെ നിന്നോ കയറി വന്നതാണ് ആ സൗണ്ട്. ഇനിയിപ്പോൾ രണ്ട് മൂന്ന് ദിവസം കൂടെയല്ലേയുള്ളൂ. നിങ്ങൾ സിനിമ കണ്ട് നോക്ക്. ഗ്ലിച്ചാണോ ഗ്ലിച്ചല്ലേ എന്ന് പ്രേക്ഷകർക്ക് തന്നെ സ്വയം വിലയിരുത്താമല്ലോ.
ഞാനും ജയറാമേട്ടനും ഒരു അമ്പത്തിയേഴ് ദിവസം ഷൂട്ടിങ് സെറ്റിൽ ഉണ്ടായിരുന്നു ഞങ്ങൾ മമ്മൂക്കയെയൊന്നും കണ്ടില്ല. പിള്ളേരെ പാച്ച് ഒക്കെ അയക്കാൻ വേണ്ടി ഒരിക്കൽ പറഞ്ഞയിച്ചിരുന്നു.
ഇനി ആ സമയത്തെങ്ങാനും മമ്മൂക്ക വന്ന് അഭിനയിച്ചിരുന്നോ എന്നെനിക്കറിയില്ല. സംവിധായകനും ഹീറോയും അറിഞ്ഞിട്ടില്ല മമ്മൂക്ക വന്നിട്ടുണ്ടോയെന്ന്,’ മിഥുൻ മാനുവൽ തോമസ് പറയുന്നു.
Content Highlight: Midhun Manuel Thomas Talk About Mammooty In Abraham Oslar Movie