ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് കടന്നുവന്ന വ്യക്തിയാണ് മിഥുൻ മാനുവൽ തോമസ്.
ആട് എന്ന സിനിമയിലൂടെ സംവിധായക കുപ്പായമണിഞ്ഞ അദ്ദേഹം ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ വ്യത്യസ്ത ഴോണറിലുള്ള സിനിമകൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. പതിവ് ട്രാക്കിൽ നിന്ന് മിഥുൻ വഴി മാറി സഞ്ചരിച്ചത് അഞ്ചാം പാതിരയിലൂടെയായിരുന്നു.
തനിക്ക് ചെയ്യാൻ ആഗ്രഹമുള്ള ഒരു മമ്മൂട്ടി – മോഹൻലാൽ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മിഥുൻ മാനുവൽ. മമ്മൂട്ടിക്കും മോഹൻലാലിനും മികച്ച പ്രകടനങ്ങൾ നടത്താൻ കഴിയുന്ന കഥ കണ്ടെത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് മിഥുൻ പറയുന്നു.
രണ്ട് പേരെയും വെച്ചൊരു സിനിമ എടുക്കാൻ എളുപ്പമാണെന്നും എന്നാൽ പ്രേക്ഷകരുടെ കയ്യടി കിട്ടുന്ന സിനിമയെടുക്കാനാണ് ബുദ്ധിമുട്ടെന്നും സില്ലി മോങ്ക്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘ഒരു കഥയാണല്ലോ അവസാനം പ്രേക്ഷകരെ മുന്നോട്ട് കൊണ്ട് പോകുന്നത്. രണ്ട് പേർക്കും പറ്റിയ ഒരു കഥ വേണം നമുക്ക്. അതിലേക്ക് പ്രകടനങ്ങൾക്ക് സാധ്യതയുള്ള രണ്ട് കഥാപാത്രങ്ങളായി മമ്മൂക്കയേയും ലാലേട്ടനെയും ഇറക്കുകയെന്നതാണ് എന്റെ ആഗ്രഹം.
അല്ലാതെ അവരെ രണ്ട് പേരെയും വെച്ചൊരു സിനിമ ചെയ്യാൻ എളുപ്പമാണ്. അവരെ രണ്ട് പേരെയും വെച്ച് പ്രേക്ഷകരുടെ കയ്യടി നേടാനാണ് പാട്. അതിന് പ്രേക്ഷകർക്ക് ആ കഥ വർക്ക് ആവണം. അവരെ രണ്ട് പേരെ വെച്ച് ഒരു കഥ വർക്ക് ആവാതെ പോവുന്നതിനെക്കാൾ നല്ലത് അങ്ങനെയൊരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നതല്ലേ. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പില്ലാണ്,’മിഥുൻ മാനുവൽ തോമസ് പറയുന്നു.
അതേസമയം, ജയറാമിനെ നായകനാക്കി മിഥുൻ ഒരുക്കിയ അബ്രഹാം ഓസ്ലർ തിയേറ്ററുകളിൽ റിലീസായി. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മെഡിക്കൽ ത്രില്ലറാണ്.
Content Highlight: Midhun Manuel Thomas Talk About His Mammooty – Mohanlal Film