| Friday, 17th November 2023, 9:40 am

ചെയ്തതിൽ ഏറ്റവും ഫേവറീറ്റ് ആ സിനിമയാണ്, ആട് പൊട്ടിച്ചതും ഞാൻ തന്നെ: മിഥുൻ മാനുവൽ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോക്സ് ഓഫീസിൽ വിജയ പരാജയങ്ങൾ ഒരുപോലെ തിരിച്ചറിഞ്ഞ സംവിധായകനും തിരക്കഥാകൃത്തുമാണ് മിഥുൻ മാനുവൽ തോമസ്. ഓം ശാന്തി ഓശാന എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായി ഗംഭീര തുടക്കം ലഭിച്ചെങ്കിലും സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ആട്’ ബോക്സ് ഓഫീസിൽ പരാജയമായി മാറി. എന്നാൽ പിന്നീട് ആ സിനിമ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ആടിന്റെ തുടർച്ചയായ ആട് 2 വലിയ ഹിറ്റ്‌ ആയതോടെ മലയാളത്തിലെ മുൻനിര സംവിധാകരിൽ ഒരാളായി മാറാൻ മിഥുൻ മാനുവലിന് സാധിച്ചിരുന്നു. നിലവിൽ വിവിധ സിനിമകളുടെ ഭാഗമായി നിറഞ്ഞു നിൽക്കുമ്പോൾ തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ആടിന്റെ പരാജയത്തിന് കാരണം താൻ തന്നെയാണെന്നും ചെയ്ത സിനിമകളിൽ ഏറ്റവും ഇഷ്ടം ‘ആൻമരിയ കലിപ്പിലാണ്’ എന്നും മിഥുൻ മിർച്ചി മലയാളത്തോട് പറഞ്ഞു.

‘ആടിന്റെ പരാജയത്തിൽ എഡിറ്ററെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ സിനിമ നോൺ ലീനിയറായി പറയണമെന്ന് ഞാൻ വാശി പിടിക്കുകയും, എന്റെ ആട് അങ്ങനെ തന്നെ മതിയെന്ന് തീരുമാനിക്കുകയും, ഞാൻ തന്നെ ഇറക്കുകയും ചെയ്തു. ഞാൻ തന്നെ പടം പൊട്ടിച്ചു.

അതാണ് സംഭവിച്ചത്. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ആടിന്റെ ട്രിമിഡ് വേർഷൻ ഇറങ്ങിയിരുന്നു. പക്ഷെ അപ്പോഴേക്കും പ്രേക്ഷകർ സിനിമയെ വിട്ടിരുന്നു. പക്ഷെ പിന്നെ അത് ഡി.വി.ഡിയിലേക്ക് വന്നപ്പോഴേക്കും ആളുകൾക്ക് ഒരുപാട് ഇഷ്ടമായി.

ആട് ഒന്നിൽ നിന്ന് കിട്ടിയ പാഠങ്ങളെല്ലാം ഉൾകൊണ്ടാണ് ആൻമരിയ കലിപ്പിലാണ് ചെയ്യുന്നത്. വ്യക്തിപ്പരമായി ഞാൻ ചെയ്ത സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ആൻമരിയയാണ്. കുഞ്ഞു സിനിമയാണെങ്കിലും അതാണ് എനിക്കിഷ്ടം.

എന്നാൽ ആൻമരിയയിൽ നിന്ന് ചിലതെല്ലാം പഠിക്കാൻ മറന്നത് കൊണ്ടാണ് അലമാര എന്ന ചിത്രത്തിലേക്ക് പോയത്. അലമാരയിൽ നിന്ന് ചില കാര്യങ്ങൾ കൂടുതൽ ആർജവത്തോടെ പഠിച്ചിട്ടാണ് ആട് 2 വിലേക്ക് എത്തുന്നത്,’ മിഥുൻ മനുവൽ പറയുന്നു.

തിയേറ്ററിൽ ഓടി കൊണ്ടിരിക്കുന്ന ഗരുഡൻ, ഫീനിക്സ് എന്നീ ചിത്രങ്ങളുടെയും റിലീസ് ആവാനിരിക്കുന്ന മമ്മൂട്ടി – വൈശാഖ് ചിത്രം ടർബോയുടെയും തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവലാണ്. അഞ്ചാം പാതിരയ്ക്ക് ശേഷം ജയറാമിനെ നായകനാക്കി ഒരുക്കുന്ന ഓസ്‌ലര്‍ അടുത്തതായി മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനുള്ളത്.

Content Highlight: Midhun Manuel Thomas Talk About His Films

We use cookies to give you the best possible experience. Learn more