| Monday, 22nd January 2024, 6:10 pm

ഞാന്‍ അങ്ങനെ ചെയ്താല്‍ നിങ്ങള്‍ മിഥുന്‍ മാനുവല്‍ കഥ കോപ്പിയടിച്ചെന്ന് പറയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ കുറഞ്ഞ സിനിമകള്‍ കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. ഓം ശാന്തി ഓശാന എന്ന സിനിമയുടെ തിരക്കഥ ഒരുക്കിക്കൊണ്ട് സിനിമാ മേഖലയിലേക്ക് കടന്ന് വന്ന മിഥുന്‍ പിന്നീട് ആട് സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് സംവിധായകന്റെ കുപ്പായവുമണിയുന്നത്.

വ്യത്യസ്തമായ ഴോണറിലുള്ള ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകരില്‍ ഒരാള്‍ കൂടെയാണ് മിഥുന്‍ മാനുവല്‍ തോമസ്. ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമകളെ പറ്റി സംസാരിക്കുകയാണ് മിഥുന്‍.

ഏറെ ആഘോഷിക്കപെടുന്ന സംവിധായകന്‍ ആയത് കൊണ്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ആകാനും അഭിനയിക്കാനും വേണ്ടി ചാന്‍സ് ചോദിച്ച് ആളുകള്‍ വരുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് അതേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഒരാളുടെ കയ്യില്‍ നല്ല സ്‌ക്രിപ്റ്റ് ഉണ്ടെങ്കില്‍ അത് മിഥുന്‍ മാനുവല്‍ എന്ന സംവിധായകനില്‍ എത്താന്‍ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിനും മിഥുന്‍ മറുപടി പറഞ്ഞു.

‘ഇപ്പോള്‍ എനിക്ക് സമയകുറവിന്റെ പ്രശ്‌നമുണ്ട്. അസിസ്റ്റന്റ് ഡയറക്ടര്‍മാരെ തെരഞ്ഞെടുക്കുന്നത് നേരമ്പോക്ക് എന്ന പ്രൊഡക്ഷന്‍ കമ്പനിയിലൂടെയാണ്. അതില്‍ ഒരുപാട് ഗംഭീര ഷോര്‍ട്ട്ഫിലിമുകളുണ്ട്.

അതില്‍ നിന്ന് എനിക്ക് ആളുകളെ ഈസിയായിട്ട് ചൂസ് ചെയ്യാവുന്നതാണ്. അവരെയും അവരുടെ വര്‍ക്കും എനിക്ക് അറിയുന്നതാണ്. എ.ഡികളെ തെരെഞ്ഞെടുക്കുന്ന രീതി ഇപ്പോള്‍ അങ്ങനെ ആയിട്ടുണ്ട്.

കഥകള്‍ എത്തിക്കുന്ന കാര്യം ചോദിച്ചാല്‍, എന്റെ റെപ്രസെന്റേറ്റീവുകളാണ് പലപ്പോഴും കഥ കേള്‍ക്കുന്നത്. ഇനി ഞാന്‍ എന്തുകൊണ്ട് കഥകള്‍ കേള്‍ക്കുന്നില്ല എന്ന് ചോദിച്ചാല്‍, നിങ്ങള്‍ എന്നോട് ഒരു കഥ പറഞ്ഞു എന്ന് കരുതുക. ആ കഥ എനിക്ക് വര്‍ക്ക് ആകണമെന്നില്ല. അതില്‍ കുഴപ്പമില്ല.

ഇനി എനിക്ക് വര്‍ക്കായിട്ടും ചെയ്യാന്‍ പറ്റിയില്ല എന്ന് കരുതുക. അപ്പോഴും കുഴപ്പമില്ല. എന്നാല്‍ അപകടമുള്ളത്, ഞാന്‍ ആലോചിച്ചു വെച്ചിരിക്കുന്ന ഒരു ത്രെഡ് അല്ലെങ്കില്‍ അതുമായി ബന്ധപെട്ട ഒരു സിറ്റുവേഷന്‍ നിങ്ങള്‍ എന്നോട് വന്ന് പറഞ്ഞു.

എന്നാല്‍ എനിക്ക് കഥ ചിലപ്പോള്‍ ചെയ്യാന്‍ പറ്റിയില്ല. പിന്നീട് എന്റെ സിനിമയില്‍ നിങ്ങള്‍ പറഞ്ഞ സിറ്റുവേഷന്‍ വന്നാല്‍ അത് വലിയ പ്രശ്‌നമാകും. അപ്പോള്‍ മിഥുന്‍ മാനുവല്‍ ഞാന്‍ പറഞ്ഞ കഥ കോപ്പിയടിച്ചു എന്ന് പറയും.

അങ്ങനെ ഒരു ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് ഞാന്‍ നേരിട്ട് കഥ കേള്‍ക്കാത്തത്. ഒട്ടും ഒഴിവാക്കാന്‍ പറ്റാത്ത ഇടങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം വന്നാല്‍ മാത്രമാണ് ഞാന്‍ നേരിട്ട് കഥ കേള്‍ക്കുന്നത്,’ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.


Content Highlight: Midhun Manuel Thomas  says why he doesn’t listen scripts

We use cookies to give you the best possible experience. Learn more