| Friday, 17th May 2024, 8:28 pm

തണുത്തുറഞ്ഞ ജോക്കര്‍ ആണെങ്കില്‍ ബാറ്റ്മാനും തണുത്തു പോകും; വില്ലനിലൂടെയാണ് നായകന്‍ ശക്തനാകുന്നത്: മിഥുന്‍ മാനുവല്‍ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് ടര്‍ബോ. ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ ചിത്രമാണ് ഇത്.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് കന്നഡ നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാജ് ബി. ഷെട്ടിയാണ്.

സിനിമയില്‍ നല്ല വില്ലന്‍ വരുമ്പോഴാണ് നായകന്‍ ശക്തനാകുന്നതെന്ന് പറയുകയാണ് മിഥുന്‍ മാനുവല്‍ തോമസ്. ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മിഥുന്‍.

‘നല്ലൊരു വില്ലന്‍ വരുമ്പോഴാണ് നായകന്‍ ശക്തനാകുന്നത്. അങ്ങനെ ഒരു തിയറിയില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. ജോക്കര്‍ എത്രത്തോളം സ്‌ട്രോങ്ങാകുന്നോ അത്രത്തോളം ബാറ്റ്മാനും എലവേറ്റഡാകും. നമ്മുക്ക് തണുത്തുറഞ്ഞ ജോക്കറാണെങ്കില്‍ ബാറ്റ്മാന്റെ കഥാപാത്രവും തണുത്തുറഞ്ഞതാകും. അതുപോലെ തണുത്തുറഞ്ഞ വില്ലനാണെങ്കില്‍ നായകന്‍ തണുത്തു പോകും.

എന്റെ മുന്‍ സിനിമകള്‍ നിങ്ങള്‍ക്കറിയാം. അഞ്ചാംപാതിര, ഗരുഡന്‍, അബ്രഹാം ഓസ്‌ലര്‍ എന്നിവയാണ്. നല്ല ഒരു പ്രതിനായകനെ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. അതുപോലെ തന്നെ ടര്‍ബോയിലും നല്ല ഒരു പ്രതിനായകന്‍ ഉണ്ടാവണം,’ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് പോലെ കോട്ടയം കുഞ്ഞച്ചന്‍ 2വിന്റെ കഥയില്‍ മാറ്റം വരുത്തിയ കഥയല്ല ടര്‍ബോയുടെതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. താന്‍ മുമ്പ് ടര്‍ബോ പീറ്ററെന്ന പേരില്‍ അനൗണ്‍സ് ചെയ്ത സിനിമയാണിതെന്ന് പലരും പറയുന്നുണ്ടെന്നും എന്നാല്‍ അങ്ങനെയല്ലെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

‘കോട്ടയം കുഞ്ഞച്ചന്‍ 2വിന്റെ കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ഡെവലെപ്പ് ചെയ്തതല്ല ഈ സിനിമ. ടര്‍ബോ പീറ്റര്‍ എന്ന പേരില്‍ ഞാന്‍ മുമ്പ് അനൗണ്‍സ് ചെയ്ത സിനിമയാണ് ഇതെന്ന് പലരും പറയുന്നു. എന്നാല്‍ അങ്ങനെയല്ല.

പുതിയ ഒരു കഥയാണ് ടര്‍ബോ. ഇതൊരു കൊമോര്‍ഷ്യല്‍ എന്റര്‍ടൈനറാണ്. ഒരുപാട് ആക്ഷനുണ്ട്, ഹ്യൂമറും ഫ്രണ്ട്ഷിപ്പുമുണ്ട്. പിന്നെ കുറച്ച് ഡ്രാമയുണ്ട്. എന്റര്‍ടൈമെന്റ് ഉദ്ദേശിച്ച് പുറത്തിറക്കുന്ന സിനിമയാണ്. എല്ലാത്തരം ആളുകള്‍ക്കും കാണാന്‍ കഴിയുന്ന സിനിമ കൂടെയാണ് ടര്‍ബോ,’ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.


Content Highlight: Midhun Manuel Thomas Says The Hero Becomes Stronger Through The Villain

We use cookies to give you the best possible experience. Learn more