മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലർ. ചിത്രത്തെക്കുറിച്ച് തെറ്റായ ധാരണയുമായി ആളുകൾ തിയേറ്ററുകളിലേക്ക് വരരുതെന്ന് മിഥുൻ മാനുവൽ തോമസ് പറഞ്ഞു. കാരണം അബ്രഹാം ഓസ്ലർ കാണാൻ വരുന്നവർ അഞ്ചാം പാതിര പ്രതീക്ഷിച്ച് വരരുതെന്നും മിഥുൻ മാനുവൽ പറയുന്നുണ്ട്.
അഞ്ചാം പാതിര പോലൊരു സിനിമ താനിനി ചെയ്യുകയില്ലെന്നും ചെയ്യുകയാണെങ്കിൽ ആറാം പാതിരയെ ചെയ്യുകയുള്ളൂയെന്നും മിഥുൻ കൂട്ടിച്ചേർത്തു. അല്ലെങ്കിൽ സ്വയം ആവർത്തിക്കുന്ന സംവിധായകനിലേക്ക് താൻ പോയി ചാടുമെന്നും സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ മിഥുൻ മാനുവൽ പറയുന്നുണ്ട്.
‘ഓസ്ലർ സിനിമയെ കുറിച്ച് നമ്മൾ ഇങ്ങനെ സംസാരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. ട്രെയിലർ ഇങ്ങനെയാണ്, നമ്മുടെ സിനിമ ഈ സ്വഭാവത്തിലുള്ളതാണ് എന്നൊക്കെ പറയുന്നത് മറ്റൊന്നും കൊണ്ടല്ല. തെറ്റായ ധാരണ കൊണ്ട് ഒരു പ്രേക്ഷകൻ തിയേറ്ററിലേക്ക് വരരുത് എന്നുള്ളത്കൊണ്ടാണ്.
അഞ്ചാം പാതിര പ്രതീക്ഷിച്ച് ആരും വരണ്ട. അങ്ങനെ വരുന്ന ആളുകൾ എന്തായാലും നിരാശരാവുകയുള്ളൂ. അഞ്ചാം പാതിര പോലൊരു സിനിമ ഞാനിനി ചെയ്യില്ല, ചെയ്യുകയാണെങ്കിൽ ഞാൻ ആറാം പാതിര മാത്രമേ ചെയ്യുകയുള്ളൂ. ഇല്ലെങ്കിൽ സ്വയം ആവർത്തിക്കുന്ന
സംവിധായകനിലേക്ക് ഞാൻ പോയി ചാടും.
അത് എന്റെ കഞ്ഞി കുടിയെ ബാധിക്കും. അത് ശരിയാവില്ല. നമുക്കൊരു സ്വയം പുതുക്കൽ വേണ്ടേ? പലതും പരീക്ഷിക്കുമ്പോഴാണല്ലോ നമ്മുടെ ഒരു ക്രിയേറ്റീവ് ഏരിയ അല്ലെങ്കിൽ ഒരു ക്രാഫ്റ്റ് എന്ന് പറയുന്നത് നമുക്ക് എക്സ്പ്ലോർ ചെയ്യാൻ പറ്റുകയുള്ളു. അഞ്ചാംപാതിര പ്രതീക്ഷിച്ച് ആരും വരികയില്ല.
വരികയാണെങ്കിൽ തന്നെ ഗരുഡന് വരുമായിരുന്നു, വന്നില്ലല്ലോ. നമ്മൾ സിനിമയെ കുറിച്ച് ഇങ്ങനെ പറയുന്നത് സിനിമ എന്താണെന്ന് പ്രേക്ഷകൻ കൃത്യമായി മനസ്സിലാക്കണം എന്നുള്ളതുകൊണ്ടാണ്. ഇനിയുള്ള സിനിമകൾ എല്ലാം അങ്ങനെ തന്നെയായിരിക്കും മാർക്കറ്റ് ചെയ്യാൻ പോകുന്നത്,’ മിഥുൻ മാനുവൽ തോമസ് പറഞ്ഞു.
ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്ലർ. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതേസമയം, അബ്രഹാം ഓസ്ലറില്‍ ജയറാമിന് പുറമെ അനശ്വര രാജനും, അര്‍ജുന്‍ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്.
Content Highlight: Midhun manuel thomas about peopl’s preconceive about his cinema