അല്ലെങ്കിൽ മമ്മൂക്കയെ പോലെയുള്ളവർ അഞ്ചോ ആറോ വർഷംകൊണ്ട് ഫീൽഡ് ഔട്ട് ആയി പോയേനെ: മിഥുൻ മാനുവൽ
Film News
അല്ലെങ്കിൽ മമ്മൂക്കയെ പോലെയുള്ളവർ അഞ്ചോ ആറോ വർഷംകൊണ്ട് ഫീൽഡ് ഔട്ട് ആയി പോയേനെ: മിഥുൻ മാനുവൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th January 2024, 8:27 am

സിനിമയിൽ മമ്മൂട്ടി എന്ന നടന്റെ ഇപ്പോഴത്തെ യാത്രയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ്. എന്താണ് ചെയ്യുന്നത് എന്ന് നിർവചിക്കാൻ പറ്റാത്ത യാത്രയിലാണ് മമ്മൂട്ടിയെന്നും അദ്ദേഹത്തിന് യാതൊരു നിർബന്ധിത ബുദ്ധിയുമില്ലെന്നും മിഥുൻ മാനുവൽ പറഞ്ഞു. ഏത് കഥ പറഞ്ഞാലും അത് ആ ഴോണറിൽ നല്ലതാവണമെന്ന നിർബന്ധമേ മമ്മൂട്ടിക്കുള്ളൂവെന്നും മിഥുൻ കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്കയുടെ ഇപ്പോഴത്തെ യാത്ര പല കഥകൾ കേട്ട് പല കഥാപാത്രങ്ങൾ ചെയ്തു പോയിക്കൊണ്ടിരിക്കുന്ന സമയമാണ്. എന്താണ് ചെയ്യുന്നത് എന്ന് പറയാൻ പറ്റാത്ത, പ്രവചിക്കാൻ കഴിയാത്ത ഒരു യാത്ര പോയിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന് യാതൊരു നിർബന്ധബുദ്ധിയും ഇപ്പോഴില്ല. നമ്മൾ സയൻസ് ഫിക്ഷൻ പോയി പറഞ്ഞാലും ആ ഴോണറിൽ അത് നന്നായിരിക്കണം, അത്രേയുള്ളൂ പുള്ളിക്ക് നിർബന്ധം.

ഒന്ന് രണ്ടു സിനിമ പുള്ളി റഫറൻസ് എടുത്തിട്ടുണ്ടാകും. പുള്ളി അത് കണ്ടിട്ടുണ്ടായിരിക്കും. അതിനോട് കിടപിടിക്കുന്ന ഒരു സിനിമയായിരിക്കണം എന്ന നിർബന്ധമേ ഉണ്ടായിരിക്കുകയുള്ളൂ. ജഗദീഷേട്ടന്റെ അടുത്ത് ഒരു കഥ പറയുമ്പോൾ കോമഡി ആണെങ്കിൽ കോമഡി. ആ വേഷം, ആ കോമഡി നന്നായിരിക്കണം.

അതിന്റെ പ്രോഗ്രസ്സിനെ കുറിച്ച് മാത്രമേ ആർട്ടിസ്റ്റുകൾ സംസാരിക്കാറുള്ളൂ. അത് ബുദ്ധിയുള്ള എല്ലാ ആർട്ടിസ്റ്റുകളും അങ്ങനെയാണ് ചെയ്യാറ്. ഇവരൊക്കെ ബുദ്ധിയുള്ളതുകൊണ്ടാണ് ഇരുപത്തിയഞ്ചും മുപ്പതും വർഷം വരെ നിൽക്കുന്നത്. ബുദ്ധിയില്ലാതിരുന്നെങ്കിൽ അഞ്ചോ ആറോ വർഷംകൊണ്ട് ഫീൽഡ് ഔട്ട് ആയി പോയേനെ,’ മിഥുൻ മാനുവൽ തോമസ് പറഞ്ഞു.

https://youtube.com/shorts/-DxTvLOZSbk?si=392Xni-XxIM9kRLS

മിഥുൻ മാനുവലിന്റെ തിരക്കഥയിൽ മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് ടർബോ. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് വൈശാഖനാണ്. ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്ലർ. അഞ്ചാം പാതിരക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതേസമയം, അബ്രഹാം ഓസ്ലറിൽ ജയറാമിന് പുറമെ അനശ്വര രാജനും, അർജുൻ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇർഷാദ് എം. ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഡോ. രൺധീർ കൃഷ്ണൻ ആണ്.

Content Highlight: Midhun manuel thomas about mammootty’s journey in film