മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍.
ജയറാമിനെ നായകനാക്കി മിഥുന്‍ സംവിധാനം ചെയ്ത ചിത്രം ജനുവരി പതിനൊന്നിനായിരുന്നു തിയേറ്ററില്‍ റിലീസിന് എത്തിയത്. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്ത ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.
അതിനാല്‍ വലിയ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ അബ്രഹാം ഓസ്ലറിന് വേണ്ടി കാത്തിരുന്നത്. അഞ്ചാം പാതിര ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണെങ്കില്‍ അബ്രഹാം ഓസ്ലര്‍ ഒരു ഇമോഷണല്‍ ക്രൈം ത്രില്ലറായിരുന്നു.
ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തില്‍ ജയറാമിനെ തന്നെ ആയിരുന്നോ നായകനാക്കാന്‍ ആഗ്രഹിച്ചിരുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.
ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണന്‍ തന്നോട് കഥ പറയുന്ന സമയത്ത് കാസ്റ്റിങ് തീരുമാനിച്ചിരുന്നില്ലെന്നും ഇതുവരെ അത്തരം ഴോണറിലുള്ള സിനിമ ചെയ്തിട്ടില്ലാത്ത ഒരാളാകണം ഈ സിനിമ ചെയ്യുന്നത് എന്ന ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും മിഥുന്‍ പറയുന്നു.
കുഞ്ചാക്കോ ബോബന്‍ മുമ്പ് ചെയ്യാത്ത ഴോണറായത് കൊണ്ടായിരുന്നു അഞ്ചാം പാതിരയില്‍ അദ്ദേഹത്തെ കൊണ്ടുവന്നിരുന്നതെന്നും, അതേ രീതിയില്‍ തന്നെയാണ് അബ്രഹാം ഓസ്ലറിലെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുനാളായി മലയാള സിനിമയില്‍ ഇല്ലാത്ത വ്യക്തിയും ഇത്തരം ഴോണറിലുള്ള സിനിമ ചെയ്യാത്തയാളും ജയറാമായിരുന്നു എന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.
‘ഡോക്ടര്‍ എന്നോട് വന്ന് കഥ പറയുന്ന സമയത്ത് കാസ്റ്റിങ് ഒന്നും തീരുമാനിച്ചിരുന്നില്ല. ഇതുവരെ അത്തരം ഒരു സിനിമ ചെയ്തിട്ടില്ലാത്ത ഒരാളാകണം ഈ സിനിമ ചെയ്യുന്നത് എന്ന ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അങ്ങനെ ആയിരുന്നു അഞ്ചാം പാതിരയില്‍ ചാക്കോച്ചന്‍ എത്തിയത്. അതേ പാറ്റേണ്‍ തന്നെയായിരുന്നു ഇവിടെയും. കുറച്ച് നാളായിട്ട് മലയാളത്തില്‍ ഇല്ലാത്ത ആളും ഇത്തരം സിനിമ ചെയ്യാത്ത ആളും ജയറാമേട്ടനായിരുന്നു. അതുകൊണ്ട് ജയറാമേട്ടനെ കാസ്റ്റ് ചെയ്തു,’ മിഥുന്‍ മാനുവല്‍ പറയുന്നു.
Content Highlight: Midhun Manuel Thomas About Jayaram And Kunchako Boban