| Monday, 8th January 2024, 7:53 am

അഞ്ചാം പാതിരയോട് കൂടി ഞാൻ തീരുമാനിച്ചത് അതാണ് : മിഥുൻ മാനുവൽ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആട് എന്ന കോമഡി സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചതനായ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. ആടിന് ശേഷം ആൻ മരിയ കലിപ്പിലാണ്, അലമാര, അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് തുടങ്ങിയ കോമഡി ഫീൽ ഗുഡ് ചിത്രങ്ങളാണ് മിഥുൻ ചെയ്തത്.

എന്നാൽ 2020ൽ പുറത്തിറങ്ങിയ അഞ്ചാം പാതിരയോട് കൂടി കോമഡിയിൽ നിന്നും മാറി ത്രില്ലർ ചെയ്യണമെന്ന് തീരുമാനിച്ചെന്ന് മിഥുൻ മാനുവൽ പറഞ്ഞു. അഞ്ചാം പാതിര ഒരു സൈക്കോ ത്രില്ലറും ഗരുഡൻ ലീഗൽ ത്രില്ലറും ഫീനിക്സ് ഹൊറർ ത്രില്ലറുമാണെന്ന് മിഥുൻ പറയുന്നുണ്ട്. ത്രില്ലറിൽ വ്യത്യസ്തത കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും മിഥുൻ കൂട്ടിച്ചേർത്തു. റേഡിയോ സുനോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഞ്ചാം പാതിരയോട് കൂടി നമ്മൾ തീരുമാനിച്ച കാര്യം കോമഡിയിൽ നിന്നും മാറി ത്രില്ലർ ചെയ്യുക എന്നതാണ്. ത്രില്ലറിൽ തന്നെ പല വേരിയൻസ് ചെയ്യാനാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ വാക്കുകൾ തന്നെ കടമെടുത്താൽ അഞ്ചാം പാതിരയൊരു സൈക്കോ ത്രില്ലർ എന്ന് വിളിക്കാവുന്ന സിനിമയാണ്.

ഗരുഡനിലേക്ക് വരുമ്പോൾ അതൊരു ലീഗൽ ത്രില്ലർ സിനിമയാണ്. ഫീനിക്സിലേക്ക് വരുമ്പോൾ അതൊരു ഹൊറർ ത്രില്ലർ ഫ്ലേവറിലുള്ള സിനിമയാണ്. അബ്രഹാം ഓസ്ലറിലേക്ക് വരുമ്പോൾ അതൊരു ഇമോഷണൽ ത്രില്ലറാണ്. അങ്ങനെ ത്രില്ലറിൽ തന്നെ ആവർത്തിക്കാതെ പലപല വേരിയൻസ് ചെയ്യാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്,’ മിഥുൻ മാനുവൽ തോമസ് പറഞ്ഞു.

ത്രില്ലറിൽ ഉള്ള പരീക്ഷണങ്ങൾ നടത്തിക്കഴിയുമ്പോൾ തിരിച്ച് ആട് 3 ആയിട്ട് താൻ രംഗപ്രവേശം ചെയ്യുമെന്നും മിഥുൻ അഭിമുഖത്തിൽ പറയുന്നുണ്ട്.

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്ലർ. അഞ്ചാം പാതിരക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതേസമയം, അബ്രഹാം ഓസ്ലറിൽ ജയറാമിന് പുറമെ അനശ്വര രാജനും, അർജുൻ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇർഷാദ് എം. ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഡോ. രൺധീർ കൃഷ്ണൻ ആണ്.

Content Highlight: Midhun manuel thomas about his triller movies

We use cookies to give you the best possible experience. Learn more