ജയസൂര്യ നായക വേഷത്തിൽ എത്തി ചിരിയുടെ മാലപ്പടക്കം തീർത്ത ചിത്രമായിരുന്നു മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട്. ചിത്രത്തിന് തിയേറ്ററിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും ഡി.വി.ഡിയിലൂടെ മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. 2017ൽ ആടിന്റെ തുടർച്ചയായ ആട് 2വിന് വമ്പൻ പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
ആട് 3യെക്കുറിച്ചും ചിത്രത്തിന്റെ ഫാൻസിനെക്കുറിച്ചും സംസാരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്. അഞ്ചാം പാതിരയ്ക്ക് ശേഷം ത്രില്ലറിൽ വ്യത്യസ്തത പരീക്ഷിക്കുന്ന താൻ തിരിച്ച് ആട് 3യായിട്ട് രംഗപ്രവേശം ചെയ്യുമെന്ന് മിഥുൻ മാനുവൽ പറയുന്നുണ്ട്. തന്റെ പുതിയ ചിത്രമായ അബ്രഹാം ഓസ്ലറിന്റെ വിശേഷങ്ങൾ റേഡിയോ സുനോയുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ‘ത്രില്ലറിൽ ഉള്ള പരീക്ഷണങ്ങൾ നടത്തിക്കഴിയുമ്പോൾ തിരിച്ച് നമ്മൾ ആട് 3 ആയിട്ട് രംഗപ്രവേശം ചെയ്യുന്നതാണ്,’ മിഥുൻ മാനുവൽ പറഞ്ഞു.
ആടിന്റെ ഫാൻസ് ഇപ്പോൾ വലിയ ആളുകൾ ആയിട്ടുണ്ടാകുമെന്ന് മിഥുൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ആട് ഇറങ്ങിയിട്ട് നാലഞ്ചു കൊല്ലമായെന്നും അന്ന് കോളേജ് കുട്ടികളായിരുന്നു ഫാൻസെന്നും മിഥുൻ പറയുന്നുണ്ട്. അവരൊക്കെ ഇപ്പോൾ പല തൊഴിൽ മേഖലയിലുമായിരിക്കുമെന്നും മിഥുൻ മാനുവൽ കൂട്ടിച്ചേർത്തു.
‘ഫാൻസുകൾ ഒക്കെ വലിയ ആളുകൾ ആയിട്ടുണ്ടാകും. കല്യാണം കഴിഞ്ഞു പോയിട്ടുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. നാലഞ്ചു വർഷമായില്ലേ? അധികം ഫാൻസും അന്നത്തെ ഡിഗ്രി പിള്ളേർ ആയിരുന്നു. അവരൊക്കെ പല തൊഴിൽ മേഖലകളിലായി പോയിട്ടുണ്ടാകും. കുഞ്ഞുങ്ങൾ ആയിരുന്ന ആട് ഫാൻസ് ഇപ്പോൾ കോളേജ് പിള്ളേർ ആയിട്ട് ഉണ്ടാവും. അപ്പോൾ നമുക്ക് അത് എപ്പോഴെങ്കിലും ചെയ്യണം,’ മിഥുൻ മാനുവൽ തോമസ് പറഞ്ഞു.
ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്ലർ. അഞ്ചാം പാതിരക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതേസമയം, അബ്രഹാം ഓസ്ലറിൽ ജയറാമിന് പുറമെ അനശ്വര രാജനും, അർജുൻ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇർഷാദ് എം. ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഡോ. രൺധീർ കൃഷ്ണൻ ആണ്.
Content Highlight: Midhun manuel thomas about Aadu movie’s fans