|

ഷോട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യാനാണ് അവരോട് ആടിന്റെ കഥ പറഞ്ഞത്; പക്ഷെ അത് സിനിമയായി: മിഥുന്‍ മാനുവല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ഷോട്ട് ഫിലിം ചെയ്യാന്‍ ഉദ്ദേശിച്ച ആടിന്റെ കഥ പിന്നീട് സിനിമയായതിനെ കുറിച്ച് പറയുകയാണ് മിഥുന്‍ മാനുവല്‍. ആ ഷോട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യാന്‍ താന്‍ അജു വര്‍ഗീസിനടുത്തും വിജയ് ബാബുവിനടുത്തും പോയ കാര്യവും മിഥുന്‍ മാനുവല്‍ പറയുന്നു.

‘എന്റെ മനസില്‍ സംവിധായകന്‍ ആവുകയെന്ന സ്വപ്നം ഉണ്ടായിരുന്നില്ല. ഒരു നല്ല തിരക്കഥാകൃത്താവുക എന്നത് വലിയ ആഗ്രഹമായിരുന്നു. ഓം ശാന്തി ഓശാന കഴിഞ്ഞ് ആ സിനിമ റിലീസായ സമയത്താണ് ഞാന്‍ ആടിന്റെ ചെറിയ ഒരു ത്രെഡ് കേള്‍ക്കുന്നത്.

എന്റെ ഒരു സുഹൃത്തിന് ഉണ്ടായ യാത്രാനുഭവം മറ്റൊരു സുഹൃത്ത് എന്നോട് പറയുകയായിരുന്നു. അപ്പോള്‍ ഞാന്‍ ഇതുവെച്ച് ഒരു ഷോട്ട് ഫിലിം ചെയ്താലോയെന്ന് ചിന്തിച്ചു.

നാട്ടുക്കാരെ അതൊന്ന് കാണിച്ചാല്‍ കൊള്ളാമെന്ന് ഉണ്ടായിരുന്നു. അല്ലെങ്കില്‍ പിന്നെ ചെറുകഥ എഴുതണം. അതിന് മടിയായിരുന്നു. ഞാന്‍ ഇങ്ങനെയൊരു ഷോട്ട് ഫിലിം ചെയ്യുന്ന കാര്യം അജുവിനോട് പറഞ്ഞു.

അതിന്റെ കഥ പറയാന്‍ പോയപ്പോള്‍ ആടെന്നാണ് പേരെന്ന് പറഞ്ഞു. ഷോട്ട് ഫിലിമാണ് അവനോട് പ്രൊഡ്യൂസ് ചെയ്യണമെന്നും പറഞ്ഞു. അതിനെന്താ പ്രൊഡ്യൂസ് ചെയ്യാമെന്ന് അവന്‍ പറഞ്ഞു.

അജു എന്തിനും ഒക്കെയായിരുന്നു. നമ്മുക്ക് ചെയ്യാം, നീ കഥ പറയെന്ന് പറഞ്ഞു. കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ അജു ചോദിച്ചു, ‘എന്നിട്ട്?’. എന്നിട്ടൊന്നും ഇല്ല കഥ കഴിഞ്ഞെന്ന് ഞാന്‍ മറുപടി പറഞ്ഞു.

അപ്പോള്‍ ബാക്കിയോ എന്നവന്‍ ചോദിച്ചു. കഴിഞ്ഞെടാ എന്നു പറഞ്ഞപ്പോള്‍ ബാക്കി കൂടെ എഴുതാനാണ് അവന്‍ പറഞ്ഞത്.

പിന്നെ അവന്‍ ആ കഥ വിജയ് ചേട്ടനോട് പറയാന്‍ പറഞ്ഞു. ചേട്ടന്‍ എന്തായാലും പ്രൊഡ്യൂസ് ചെയ്യും, അങ്ങനെയെങ്കില്‍ അവന്‍ അഭിനയിക്കാമെന്നും പറഞ്ഞു.

അങ്ങനെ വിജയ് ചേട്ടനോട് കഥ പറഞ്ഞു. ചേട്ടനും ബാക്കിയെവിടെയെന്നാണ് ചോദിച്ചത്. ബാക്കിയില്ല ഇത്രയേയുള്ളൂവെന്ന് പറഞ്ഞപ്പോള്‍, ബാക്കിയില്ലാതെ എങ്ങനെ ശരിയാവും സിനിമയല്ലേ ഇതെന്ന് ചോദിച്ചു.

സിനിമ ആര് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ താന്‍ ചെയ്യും, എന്തേ ധൈര്യമില്ലേയെന്ന് ചോദിച്ചു. ആ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ ആ സിനിമ സംഭവിച്ചു,’ മിഥുന്‍ മാനുവല്‍ പറഞ്ഞു.

Content Highlight: Midhun Manuel Talks About Aadu Movie