ആ ചിത്രം വർക്ക്‌ ആയിരുന്നുവെങ്കിൽ അഞ്ചാം പാതിര സംഭവിക്കില്ലായിരുന്നു: മിഥുൻ മാനുവൽ തോമസ്
Film News
ആ ചിത്രം വർക്ക്‌ ആയിരുന്നുവെങ്കിൽ അഞ്ചാം പാതിര സംഭവിക്കില്ലായിരുന്നു: മിഥുൻ മാനുവൽ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th November 2023, 11:39 am

തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്. തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് സംവിധായാകനായി തിളങ്ങിയ വ്യക്തിയാണ് മിഥുൻ മാനുവൽ.

വിജയപരാജയങ്ങൾ ഒരുപോലെ അടുത്തറിഞ്ഞ മിഥുൻ താൻ സംവിധാനം ചെയ്ത അർജന്റീന ഫാൻസ് കാട്ടൂർകടവ് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. ബോക്സ് ഓഫീസിൽ പരാജയപ്പെട്ട ചിത്രമായിരുന്നു അർജന്റീന ഫാൻസ്‌ കാട്ടൂർകടവ്.

ഒരു ചെറുകഥയിൽ നിന്നുണ്ടായ ചിത്രമാണ് അർജന്റീന ഫാൻസ്‌ കാട്ടൂർകടവെന്നും പിന്നീട് തിരക്കഥയിലേക്ക് വന്നപ്പോഴുള്ള തെറ്റുകൾ കാരണമാണ് ആ ചിത്രം പരാജയപ്പെട്ടതെന്നും മിഥുൻ പറയുന്നു.
ഒരുപക്ഷെ ആ സിനിമ വിജയമായിരുന്നുവെങ്കിൽ അഞ്ചാം പാതിര പോലൊരു ചിത്രത്തെ കുറിച്ച് ചിന്തിക്കില്ലായിരുന്നുവെന്നും മിഥുൻ മാനുവൽ പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആടിന്റെ വിജയത്തിൽ നിന്ന് പഠിച്ചതെല്ലാം മറന്ന് പോയിട്ട് ചെയ്ത സിനിമയാണ് അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ്.
ആ സിനിമ ഒരു ചെറുകഥയിൽ നിന്ന് ഉണ്ടായതാണ്.

ആ ചെറുകഥ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അശോകൻ ചെരുവിൽ എന്ന വ്യക്തിയുടെ പുസ്തകമായിരുന്നു അത്. അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ് എന്ന് തന്നെയാണ് ആ പുസ്തകത്തിന്റെയും പേര്. അത് എനിക്ക് ഇഷ്ടമായ പോലെ തന്നെ വായിക്കാൻ കൊടുത്തവർക്കും ഇഷ്ടപ്പെട്ടു.

പക്ഷേ ആ കഥ തിരക്കഥയാക്കുന്നതിൽ മോശമല്ലാത്ത ഒരു പാളിച്ച സംഭവിച്ചു. ചെറുകഥയിൽ ഉണ്ടായിരുന്ന ഒരു വായന സുഖം തിരക്കഥയിലേക്ക് വന്നപ്പോൾ കിട്ടിയില്ല. തിരക്കഥയിലെ ആ പ്രശ്നം വായിച്ച ഒന്ന് രണ്ട് ആളുകൾ എന്നോട് സൂചിപ്പിച്ചിരുന്നു. എന്നാൽ മറ്റു ചിലർക്ക് തിരക്കഥ ഇഷ്ടമാവുകയും ചെയ്തു.

അങ്ങനെ ഫിഫ്റ്റി ഫിഫ്റ്റി തീരുമാനത്തിലാണ് ആ സിനിമയ്ക്കായി ഇറങ്ങിയത്. പക്ഷെ ഇറങ്ങാൻ പാടില്ലായിരുന്നു. ശേഷം നടന്നത് ചരിത്രം. എന്റെ സിനിമയെ കുറിച്ച് മോശം പറയുന്നതിൽ വേറൊരു തെണ്ടിയുടെയും ആവശ്യമില്ലായെന്ന് എനിക്കറിയാല്ലോ(ചിരി).

ആ പരാജയത്തിൽ നിന്നാണ് അഞ്ചാം പാതിരയിലേക്കുള്ള ഷിഫ്റ്റ്‌ സംഭവിക്കുന്നത്. അർജന്റീന ഫാൻസിന്റെ കോമഡി വർക്ക്‌ ആവുകയായിരുന്നെങ്കിൽ ചിലപ്പോൾ അടുത്തതും ഒരു ഹ്യൂമർ പടം ആയിരിക്കും ചെയ്യുക. എപ്പോഴെങ്കിലും ഒന്ന് ട്രാക്ക് മാറ്റണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു.

വിജയിച്ചു നിൽക്കുമ്പോൾ അതിന്റെ തുടർച്ചയായി ഒരു സിനിമ കൂടി പിടിക്കാനുള്ള തോന്നലൊക്കെ നമുക്ക് വരും. അങ്ങനെ അർജന്റീന ഫാൻസ് പരാജയപ്പെട്ടപ്പോൾ ഞാൻ തീരുമാനിച്ചു ഒന്ന് മാറ്റി പിടിക്കാമെന്ന്,’ മിഥുൻ മാനുവൽ പറയുന്നു.

തിയേറ്ററിൽ ഓടി കൊണ്ടിരിക്കുന്ന ഗരുഡൻ, ഫീനിക്സ് എന്നീ ചിത്രങ്ങളുടെയും റിലീസ് ആവാനിരിക്കുന്ന മമ്മൂട്ടി – വൈശാഖ് ചിത്രം ടർബോയുടെയും തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവലാണ്. അഞ്ചാം പാതിരയ്ക്ക് ശേഷം ജയറാമിനെ നായകനാക്കി ഒരുക്കുന്ന ഓസ്‌ലര്‍ അടുത്തതായി മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനുള്ളത്.

Content Highlight: Midhun Manuel Talk  About  His Film Argentina Fans Katoorkadavu