ഞാൻ മുൻപ് അനൗൺസ് ചെയ്ത ആ പടത്തിന്റെ പേരിൽ നിന്നാണ് ടർബോയുണ്ടാകുന്നത്: മിഥുൻ മാനുവൽ തോമസ്
Film News
ഞാൻ മുൻപ് അനൗൺസ് ചെയ്ത ആ പടത്തിന്റെ പേരിൽ നിന്നാണ് ടർബോയുണ്ടാകുന്നത്: മിഥുൻ മാനുവൽ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th January 2024, 11:48 am

വൈശാഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന സിനിമയാണ് ടർബോ. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് മിഥുൻ മാനുവൽ തോമസാണ്. ടർബോ എന്ന പേര് സിനിമയ്ക്ക് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മിഥുൻ മാനുവൽ. കഥയ്ക്ക് താൻ ആദ്യമിട്ട പേര് കുറച്ച് ലൈറ്റ് ഹാർട്ടഡ് ആയിരുന്നെന്ന് മിഥുൻ പറഞ്ഞു.

താൻ മുൻപ് അനൗൺസ് ചെയ്ത പടത്തിന്റെ ആദ്യ വേർഡാണ് ടർബോയെന്നും അങ്ങനെയാണ് ടർബോ എന്ന പേര് വരുന്നതെന്നും മിഥുൻ കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഥക്കായി നല്ലൊരു പേര് വേണം എന്ന് വൈശാഖും എല്ലാവരുമെന്നോട് പറഞ്ഞു. ഞാനിട്ട പേര് കുറച്ച് ലൈറ്റ് ഹാർട്ടഡ് ആയിരുന്നു. എന്തായാലും നമ്മൾ ഇതൊരു വലിയ ആക്ഷൻ കോമഡി ആയിട്ട് ചെയ്യാൻ പോകുന്നു. പേര് വേണമെന്ന് പറഞ്ഞപ്പോൾ മുൻപ് ഞാൻ ഒരു പടം അനൗൺസ് ചെയ്തിരുന്നു. അതിന്റെ ആദ്യത്തെ വേർഡ് അടിപൊളിയാണ് ടർബോ എന്ന്.

അതും ഇങ്ങോട്ട് എടുത്താലോ എന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും വർക്കായി. അങ്ങനെയാണ് ടർബോ വരുന്നത്. അന്ന് അനൗൺസ് ചെയ്ത സിനിമയുടെ ടർബോ ഇങ്ങോട്ട് എടുത്തു. ആ കഥ അവിടെത്തന്നെ കിടപ്പുണ്ട്. ഇത് വേറൊരു ഫ്രഷ് കഥയാണ്. അങ്ങനെയാണ് മമ്മൂക്കയിലേക്ക് എത്തുന്നത്. വൈശാഖേട്ടന് വഴിയാണ് ടർബോ ഓപ്പറേറ്റഡ് ആവുന്നത്,’മിഥുൻ മാനുവൽ തോമസ് പറഞ്ഞു.

ടർബോ എന്ന സിനിമ തന്നിലേക്ക് എത്തിയതിനെക്കുറിച്ചും മിഥുൻ മാനുവൽ അഭിമുഖത്തിൽ പറയുന്നുണ്ട്. എഡിറ്റർ ഷമീർ വഴിയാണ് വൈശാഖിലേക്ക് എത്തുന്നതെന്ന് മിഥുൻ പറഞ്ഞു. തനിക്ക് വൈശാഖിനെ അത്ര പരിചയമില്ലായിരുന്നെന്നും മിഥുൻ കൂട്ടിച്ചേർത്തു.

‘എനിക്ക് മമ്മൂക്കയോടുള്ള സൗഹൃദത്തേക്കാൾ കൂടുതൽ പരിചയവും അടുപ്പവും പടങ്ങൾ വർക്ക് ചെയ്തതും വൈശാഖേട്ടനൊപ്പമാണ്. എനിക്ക് വൈശാഖേട്ടനെ അത്ര പരിചയമില്ലായിരുന്നു. വൈശാഖേട്ടനും എഡിറ്റർ ഷമീർ മുഹമ്മദും നല്ല ഫ്രണ്ട്സ് ആണ്. ഷമീർ എന്നോട് വൈശാഖിന് ഒരു കഥ കൊടുക്കുമോ എന്ന് ചോദിച്ചു.

എനിക്ക് വൈശാഖനെ അറിയില്ല എന്ന് പറഞ്ഞപ്പോൾ ‘നീ നാളെ പോയി പരിചയപ്പെട്’ എന്ന് പറഞ്ഞു. പരിചയപ്പെട്ടപ്പോൾ ആളെ എനിക്ക് നല്ല ഇഷ്ടമായി,’ മിഥുൻ പറയുന്നു.

Content Highlight: Midhun manuel about Turbo movie’s  name