മലയാള സിനിമയിൽ തിരക്കഥാകൃത്തുക്കൾക്കാണ് ദാരിദ്ര്യമെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ. മലയാള സിനിമയിൽ അതിഗംഭീരമായ സംവിധായകരും സിനിമാട്ടോഗ്രാഫേഴ്സും ഉണ്ടെന്നും എന്നാൽ എഴുത്തുകാർക്കാണ് ഇൻഡസ്ട്രയിൽ ദാരിദ്ര്യമെന്നും മിഥുൻ മാനുവൽ കൂട്ടിച്ചേർത്തു. താൻ തിരക്കഥ നിർവഹിച്ച ഫീനിക്സ് എന്ന ചിത്രത്തിന്റെ ഭാഗമായ വാർത്താ സമ്മേളനത്തിൽ വെച്ചായിരുന്നു മിഥുൻ മനുവലിന്റെ പ്രതികരണം.
‘മലയാളത്തിൽ ഒരുപാട് ഗംഭീര സംവിധായകരുണ്ട്, ഗംഭീര സിനിമാട്ടോഗ്രാഫേഴ്സ് ഉണ്ട്. അന്യഭാഷയിൽ നിന്നും ചൂണ്ടിക്കൊണ്ടുപോകുന്ന ടെക്നീഷ്യന്മാരും നടീനടന്മാരും നമുക്ക് ഇവിടെയുണ്ട്. മലയാള സിനിമ ഇൻഡസ്ട്രിക്ക് എഴുത്തുകാർക്കാണ് ഇപ്പോൾ ദാരിദ്ര്യം. അതൊരു യാഥാർത്ഥ്യമാണ്. കഴിഞ്ഞദിവസം രെക്ഷിത് ഷെട്ടി വന്നപ്പോഴും പറഞ്ഞ കാര്യം ഒരു സിനിമയുടെ റീമേക്ക് റൈസ് 20 ലക്ഷം രൂപ കൊടുത്തു മേടിച്ചിട്ട് എഴുത്തുകാരന് 5 ലക്ഷം രൂപ കൊടുക്കാനില്ല എന്ന് പറയുന്ന കമൻ്റ് ഇവിടെ ഉണ്ടായിരുന്നു.
നല്ല തിരക്കഥാകൃത്തുക്കൾ ഉണ്ടാകുമ്പോഴാണ് നല്ല സിനിമയുണ്ടാകുന്നത്. കാരണം ഇത് ഡയറക്ട് ചെയ്യാനും ക്യാമറ വെക്കാനും അഭിനയിക്കാനും വളരെ ഫ്ലറിഷ്ഡ് ആയിട്ടുളള, വളരെ ടാലന്റഡ് ആയിട്ടുള്ള ഒരുപാട് ആൾക്കാരുണ്ട്. ഈ ഒറിജിനൽ റൈറ്റിങ്ങിന് ദാരിദ്ര്യം നേരിട്ടുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
മലയാളത്തിലെ 10 ഡയറക്ടർമാരുടെ പേര് പറയാൻ പറഞ്ഞാൽ നിങ്ങൾ നിന്ന നിൽപിന് പത്തോ പതിനഞ്ചോ പറയും. പക്ഷേ ടോപ് ടെൻ റൈറ്റേഴ്സിന്റെ പേര് പറയാൻ പറഞ്ഞാൽ നിങ്ങൾ എത്രാമത്തെ നമ്പറിൽ തട്ടി വീഴും എന്നെനിക്കറിയില്ല, എന്തായാലും നിങ്ങൾ പത്തിൽ എത്തില്ല. മലയാള സിനിമയ്ക്ക് എന്തെങ്കിലും ദാരിദ്ര്യം ഉണ്ടെങ്കിൽ അത് ഇതാണ്.
പുതിയ ആളുകൾ എഴുത്തൊരു പ്രധാനപ്പെട്ട ജോലിയാണെന്ന് മനസ്സിലാക്കി എഴുത്തിൽ ഫോക്കസ് ചെയ്ത് വരിക എന്നതാണ് എനിക്ക് പറയാനുള്ളത്. ഇനി വരാൻ പോകുന്ന ജനറേഷനിൽ ഗംഭീര റൈറ്റേഴ്സ് വന്നാലേ മലയാള സിനിമയിൽ അതിഗംഭീര സിനിമകൾ വരികയുള്ളൂ. കാരണം തിരക്കഥയാണ് സിനിമ. എഴുത്തുകാർ ഒരുപാട് ഉണ്ടാവട്ടെ എന്നാണ് എന്റെ ആഗ്രഹം,’മിഥുൻ മാനുവൽ പറഞ്ഞു.
Content Highlight: Midhun manuel about the script writers poverty