ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി കരിയർ ആരംഭിച്ച വ്യക്തിയാണ് മിഥുൻ മാനുവൽ തോമസ്. സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ആട് ഒരു ഭീകര ജീവിയാണ്’ ബോക്സ്‌ഓഫീസിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് തന്റെ സിനികളിലൂടെ തിരിച്ചു വന്ന വ്യക്തിയാണ് മിഥുൻ.
സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലർ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം മിഥുൻ തിരക്കഥ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് മമ്മൂട്ടി നയകനായ ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് ആക്ഷൻ എന്റർടൈനറാണ്.
മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പറയുകയാണ് മിഥുൻ. കോബ്ര എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നതെന്നും എഴുത്തുകാരനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ താൻ എഴുത്തുകാരൻ ആണെന്ന് ആരാണ് പറഞ്ഞതെന്ന് മമ്മൂട്ടി തമാശരൂപേണ ചോദിച്ചെന്നും മിഥുൻ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു മിഥുൻ.
‘സിനിമയിലേക്കൊക്കെ വരുന്നതിന് മുമ്പ് എന്റെയൊരു സീനിയർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ കാണാൻ ചെന്നൈയിൽ പോയിരുന്നു. ഞാൻ അദ്ദേഹത്തെ കൺവിൻസ് ചെയ്തപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു, എന്താണ് ചെയ്യേണ്ടതെന്ന്. ഞാൻ പറഞ്ഞു, മമ്മൂക്കയുടെ അടുത്തൊരു കഥ പറയണമെന്ന്.
അന്ന് ഓം ശാന്തി ഓശാനയൊന്നും വന്നിട്ടില്ല. അതിനൊക്കെ മുന്നെയാണ്. കോബ്ര എന്ന സിനിമയുടെ ലൊക്കേഷനാണ്. മമ്മൂക്ക എന്റെ അടുത്തേക്ക് വന്നു. എന്റെ കൂടെയുള്ള അദ്ദേഹം എന്നെ മമ്മൂക്കയെ പരിചയപ്പെടുത്തി. ഞാൻ പേടിച്ചാണ് നിൽക്കുന്നത്.
ആദ്യമായാണ് ഞാനൊരു സിനിമ സെറ്റിൽ വരുന്നത്. അതുകൊണ്ട് ഞാൻ ഭയന്നാണ് നിൽക്കുന്നത്. ഇത് മിഥുൻ, വയനാട്ടിൽ നിന്നുള്ള ഒരു എഴുത്തുകാരനാണെന്ന് അദ്ദേഹം മമ്മൂക്കയോട് പറഞ്ഞു.
അത് കേട്ട ഉടനെ മമ്മൂക്ക എന്നെ ശരിക്കുമൊന്ന് നോക്കി. എന്നിട്ട് എന്നോട് ചോദിച്ചു, നീ എഴുത്തുകാരനാണെന്ന് തന്നോട് ആരാ പറഞ്ഞതെന്ന്. എനിക്കും അപ്പോൾ തോന്നി, ശരിയാണല്ലോ. ഞാൻ എഴുത്തുകാരൻ ആണെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല.
ഞാനൊഴികെ വേറാരും പറഞ്ഞിട്ടില്ല. മമ്മൂക്ക വെറുതെ തമാശയായി ചോദിച്ചതാണ്. പിന്നെ എന്നോട് നോവൽ എഴുതിയിട്ടുണ്ടോ, ചെറുകഥ എഴുതിയിട്ടുണ്ടോ എന്നൊക്കെ ചോദിച്ചു, അത്രേയുള്ളൂ,’മിഥുൻ മാനുവൽ പറയുന്നു.
Content Highlight: Midhun Manual Thomas Talk About First Meetup With Mammootty