അഞ്ചാം പാതിരയില്‍ തുടങ്ങി അബ്രഹാം ഓസ്ലറില്‍ അവസാനിക്കുന്ന മിഥുന്‍ മാനുവല്‍ ത്രില്ലര്‍
Film News
അഞ്ചാം പാതിരയില്‍ തുടങ്ങി അബ്രഹാം ഓസ്ലറില്‍ അവസാനിക്കുന്ന മിഥുന്‍ മാനുവല്‍ ത്രില്ലര്‍
വി. ജസ്‌ന
Thursday, 11th January 2024, 10:12 pm

കുറഞ്ഞ സിനിമകള്‍ കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. 2014ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന സിനിമയുടെ തിരക്കഥ ഒരുക്കിക്കൊണ്ടായിരുന്നു അദ്ദേഹം സിനിമാ മേഖലയിലേക്ക് കടന്ന് വന്നത്. കോമഡി ഴോണറിലുള്ള ആട് സംവിധാനം ചെയ്ത് കൊണ്ട് പിന്നീട് മിഥുന്‍ സംവിധായകന്റെ കുപ്പായവുമണിഞ്ഞു.

വ്യത്യസ്തമായ ഴോണറിലുള്ള ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകരില്‍ ഒരാള്‍ കൂടെയാണ് മിഥുന്‍ മാനുവല്‍ തോമസ്. അദ്ദേഹത്തിന്റെ സിനിമകളില്‍ എടുത്ത് പറയേണ്ട ചിത്രമായിരുന്നു അഞ്ചാം പാതിര. ആ ചിത്രത്തിലൂടെ മലയാളത്തിലെ ക്രൈം ത്രില്ലര്‍ സിനിമകളെ മറ്റൊരു തലത്തിലേക്ക് എത്തിക്കാന്‍ മിഥുനിന് സാധിച്ചു.

അതിന് ശേഷം മിഥുന്‍ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. 2020ല്‍ റിലീസ് ചെയ്ത അഞ്ചാം പാതിര ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ആയിരുന്നെങ്കില്‍ അബ്രഹാം ഓസ്ലര്‍ ഇമോഷണല്‍ ക്രൈം ത്രില്ലര്‍ അല്ലെങ്കില്‍ മെഡിക്കല്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ വരുന്നതാണ്.

മറ്റൊരു അഞ്ചാം പാതിരയാകും തന്റെ പുതിയ ചിത്രമെന്ന പ്രതീക്ഷയില്‍ ഓസ്ലര്‍ കാണാന്‍ എത്തരുത് എന്ന് സംവിധായകന്‍ പല തവണ ആവര്‍ത്തിച്ചിരുന്നു. ആ പ്രതീക്ഷയോടെ പോകുന്നവര്‍ക്ക് തിയേറ്ററില്‍ എത്തുമ്പോള്‍ നിരാശയാണ് ലഭിക്കുന്നതെങ്കിലും, ആ പ്രതീക്ഷ മാറ്റിവെച്ചു പോകുന്നവര്‍ക്ക് ഇഷ്ടമാകുന്ന ചിത്രം തന്നെയാണ് അബ്രഹാം ഓസ്ലര്‍.

അപ്പോഴും സ്ഥിരം കാണുന്ന ത്രില്ലര്‍ സിനിമകളുടെ പാറ്റേണില്‍ തന്നെയാണ് ഈ ചിത്രവും എന്നത് പറയാതിരിക്കാന്‍ കഴിയില്ല. ഒരു ദുരന്തം നിറഞ്ഞ ഭൂതക്കാലവുമായി ജീവിക്കുന്ന പൊലീസുകാരനും, അയാളിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കേസും ഈ ചിത്രത്തിലും കാണാം.

അത്രനാള്‍ തന്റെ ജീവിതത്തിലെ നഷ്ടങ്ങള്‍ ഓര്‍ത്ത് ജോലിയില്‍ ഒരു താത്പര്യവും കാണിക്കാതെ നടന്ന നായകന്‍ പെട്ടെന്ന് തന്റെ മുന്നിലെത്തുന്ന കേസിന് പിന്നാലെ പോകുന്നതും ഇവിടെ ആവര്‍ത്തിക്കപ്പെടുന്നു. പിന്നെ ക്ളീഷേ ത്രില്ലര്‍ പടത്തിലേത് പോലെ അവസാനം പിടിക്കപ്പെടുന്ന സീരിയല്‍ കില്ലറും അയാളുടെ വേദനിപ്പിക്കുന്ന പാസ്റ്റും. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടുള്ള ഒരു ത്രില്ലറില്‍ വേണ്ട എല്ലാ ചേരുവകളും മിഥുന്‍ ഈ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.

അതേസമയം ഇമോഷണല്‍ ക്രൈം ത്രില്ലര്‍ അല്ലെങ്കില്‍ മെഡിക്കല്‍ ക്രൈം ത്രില്ലര്‍ ചിത്രം എന്ന നിലയില്‍ ചിത്രത്തില്‍ ഇമോഷനും മെഡിക്കല്‍ ബേസും കൊണ്ടുവരാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. സിനിമയില്‍ വരുന്ന ഓരോ മെഡിക്കല്‍ സിറ്റുവേഷനുകളും മറ്റും മികച്ച് തന്നെ നിന്നു. കില്ലറിന്റെ പാസ്റ്റ് അല്ലെങ്കില്‍ അയാളെ ഈ കൊലപാതകങ്ങളിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമാക്കുന്ന അയാളുടെ വ്യക്തി ജീവിതത്തിലെ ആ ദുരന്തം അത്ര കെട്ടുറപ്പുള്ളതല്ലെങ്കില്‍ പോലും ആ സീനിലെ ഇമോഷന്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് കണക്ട് ചെയ്യാന്‍ പറ്റുന്നതായിരുന്നു.

ചിത്രത്തിന്റെ തുടക്കത്തില്‍ നായകന്റെ വ്യക്തി ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ അധികം വലിച്ചു നീട്ടാതെ പെട്ടെന്ന് അവതരിപ്പിച്ചു എന്നത് അബ്രഹാം ഓസ്ലറില്‍ എടുത്ത് പറയേണ്ടത് തന്നെയാണ്. ഓരോ നിമിഷവും പുറത്തുവരുന്ന സസ്പെന്‍സുകള്‍ അതിന്റെ തീവ്രതയില്‍ കൊണ്ടുവരാന്‍ സാധിച്ചു. എങ്കിലും ചിലയിടത്ത് കില്ലറെ പിടിക്കാന്‍ നായകന് എന്തുകൊണ്ട് ഇങ്ങനെ ചെയ്തുകൂടാ എന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങളും ഉണ്ടായിരുന്നു.

ചിത്രത്തിലെ കഥാപാത്രങ്ങളിലേക്ക് വരുമ്പോള്‍, തന്റെ ചിത്രത്തിലൂടെ നടന്‍ ജയറാമിന് അദ്ദേഹം ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രത്തെ കൊടുക്കാന്‍ മിഥുന്‍ മാനുവലിന് സാധിച്ചു. സിനിമയില്‍ ഓരോ കഥാപാത്രങ്ങളെയും മികച്ച രീതിയില്‍ അവതരിപ്പിക്കാനും മിഥുന്‍ ശ്രമിച്ചിട്ടുണ്ട്.

ചിത്രത്തില്‍ കില്ലറിന്റെയും വില്ലന്റെയും സുഹൃത്തുക്കളുടെയും ചെറുപ്പം അവതരിപ്പിക്കുന്ന പുതുമുഖങ്ങളെ പോലും വളരെ മികച്ചതായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു. അപ്പോഴും പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന അഥിതിവേഷം ആ സിനിമയില്‍ എന്തിനായിരുന്നു എന്ന ചോദ്യം ബാക്കി നിര്‍ത്തി.

ചിത്രത്തിലെ അര്‍ജുന്‍ അശോകന്റെ കഥാപാത്രത്തിലൂടെ ആ സിനിമക്ക് ആവശ്യമെങ്കില്‍ ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യതയും ബാക്കിയാക്കാന്‍ മിഥുന്‍ ശ്രമിച്ചിട്ടുണ്ട്. അഞ്ചാം പാതിര എന്ന ചിത്രത്തെ പൂര്‍ണമായും മാറ്റി നിര്‍ത്തി മാത്രം കാണാന്‍ കഴിയുന്ന ഒരു മിഥുന്‍ മാനുവല്‍ ചിത്രമാണ് അബ്രഹാം ഓസ്ലര്‍ എന്ന് വേണം പറയാന്‍.

Content Highlight: Midhun Manual Thomas’s Anjam Pathira And Abraham Ozler Movie

വി. ജസ്‌ന
ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ