| Friday, 17th May 2024, 10:43 pm

വെട്രിവേല്‍ ഷണ്‍മുഖ സുന്ദരം സ്വാഗുള്ള ആള്‍; രാജ് ബി. ഷെട്ടി വില്ലനായി എത്തുന്നതിന്റെ കാരണം... മിഥുന്‍ മാനുവല്‍ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടര്‍ബോ. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ കന്നഡ നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാജ് ബി. ഷെട്ടിയും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

മമ്മൂട്ടിയുടെ വില്ലനായ വെട്രിവേല്‍ ഷണ്‍മുഖ സുന്ദരം എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. എന്തുകൊണ്ടാണ് രാജ് ബി. ഷെട്ടിയെ ടര്‍ബോയില്‍ വില്ലനായി കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മിഥുന്‍ മാനുവല്‍ തോമസ്. ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ടര്‍ബോയില്‍ ഇദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര് വെട്രിവേല്‍ ഷണ്‍മുഖ സുന്ദരം എന്നാണ്. അയാള്‍ മലയാളവും തമിഴും ഇംഗ്ലീഷും സംസാരിക്കും. മമ്മൂക്കയുടെ ഓപ്പോസിറ്റായാണ് ഈ കഥാപാത്രം എത്തുന്നത്. നമ്മള്‍ ഇങ്ങനെ ഒരു കഥാപാത്രത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ സ്‌ക്രീനില്‍ ഇന്‍ഡിമിഡേറ്റിങ് ആയിട്ടുള്ള ആള് വേണമെന്ന് തോന്നി.

ആ സ്വാഗ് ഉള്ള ആള്‍ വന്നാല്‍ കൊള്ളാമെന്നും തോന്നി. ഒരു എന്റര്‍ടൈനര്‍ മൂവി ഒരുക്കുമ്പോള്‍ അതില്‍ അഭിനയിക്കുന്ന ആളുകളുടെ പെര്‍ഫോമന്‍സിന് ആ സിനിമ എലിവേറ്റ് ചെയ്യുന്ന സ്വഭാവം ഉണ്ടാകണമെന്ന് തീരുമാനിച്ചു. അങ്ങനെ ആരെ കാസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് ഞങ്ങളെടുത്ത ലിസ്റ്റില്‍ ആദ്യ പേരുകാരില്‍ ഒരാള്‍ രാജ് ബി. ഷെട്ടിയായിരുന്നു.

ഇദ്ദേഹം അങ്ങനെയൊരു സിനിമയിലേക്ക് അഭിനയിക്കാന്‍ വരുമോയെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പലതരം സിനിമകള്‍ ചെയ്ത് പോകുന്ന വ്യക്തിയാണ് അദ്ദേഹം. ഈ സിനിമയിലേക്ക് രാജ് ബി. ഷെട്ടി വന്നാല്‍ അടിപൊളിയാകുമെന്ന് ഞാന്‍ വൈശാഖേട്ടനോട് പറഞ്ഞു.

അന്ന് വിളിക്കുമ്പോള്‍ ഇദ്ദേഹം കൊച്ചിയില്‍ തന്നെയുണ്ടായിരുന്നു. വൈശാഖേട്ടന്‍ കഥ പറഞ്ഞപ്പോള്‍ ചെയ്യാമെന്ന് ഇദ്ദേഹം പറയുകയായിരുന്നു. അങ്ങനെ നമ്മള്‍ ആദ്യമേ ഉദ്ദേശിച്ച ആളെ തന്നെ കിട്ടി,’ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.


Content Highlight: Midhun Manual Thomas Answers Why Raj B Shetty In Turbo Movie

We use cookies to give you the best possible experience. Learn more