| Sunday, 19th May 2024, 11:23 am

മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രങ്ങളിൽ ആ പ്രത്യേകത ടർബോക്കാണ്: മിഥുൻ മാനുവൽ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി തന്റെ കരിയർ തുടങ്ങിയ വ്യക്തിയാണ് മിഥുൻ മാനുവൽ തോമസ്.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞ മിഥുൻ സൂപ്പർ ഹിറ്റുകളടക്കം ഒരുക്കിയിട്ടുണ്ട്. ജയറാമിനെ നായകനാക്കി മിഥുൻ സംവിധാനം ചെയ്ത് അവസാനമിറങ്ങിയ അബ്രഹാം ഓസ്‌ലറും വലിയ വിജയമായിരുന്നു.

മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മധുരരാജക്കു ശേഷം സംവിധായകൻ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ടർബോക്കുണ്ട്. ഈയിടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

ടർബോ ഒരു കൊമേഴ്ഷ്യൽ എന്റർടെയ്നറാണെന്ന് മിഥുൻ മാനുവൽ പറയുന്നു. ആക്ഷനും നർമ്മവുമെല്ലാം നിറഞ്ഞ ടർബോ, മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏറ്റവും ചെലവുള്ള ചിത്രമാണെന്നും മിഥുൻ പറഞ്ഞു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു മിഥുൻ.

‘ടർബോ കൊമേഴ്ഷ്യൽ എൻ്റർടെയ്നറാണ്. എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന സിനിമ. ആക്ഷനും നർമവുമൊക്കെ അടങ്ങിയ ചിത്രം. സൗഹൃദത്തിനും കുടുംബബന്ധത്തിനുമൊക്കെ പ്രാധാന്യം നൽകുന്ന സിനിമ കാലികപ്രസക്തിയുള്ള വിഷയവും ചർച്ചചെയ്യുന്നുണ്ട്.

ഇടയ്ക്ക് സർവൈവൽ മോഡിലേക്കും ചിത്രം മാറും. മമ്മൂട്ടി കമ്പനി നിർമിച്ച ഏറ്റവും ചെലവേറിയ ചിത്രം എന്ന പ്രത്യേകതയും ടർബോക്കുണ്ട്. മമ്മുക്കയൊപ്പം അഞ്ജന ജയപ്രകാശ്, കന്നഡ താരം രാജ് ബി. ഷെട്ടി, തെലുഗു താരം സുനിൽ, ശബരീഷ് വർമ, ബിന്ദു പണിക്കർ അടക്കമുള്ളവർ ചിത്രത്തിൽ പ്രധാനപ്പെട്ട റോളിലുണ്ട്,’മിഥുൻ മാനുവൽ തോമസ് പറയുന്നു.

Content Highlight: Midhun Manel Thomas Talk About Turbo Movie

We use cookies to give you the best possible experience. Learn more