വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ മിഡില്‍സെക്‌സിന്റെ വിജയമാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ഓവലില്‍ സറേക്കെതിരെ നടന്ന മത്സരത്തില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ടണ് മിഡില്‍സെക്‌സ് വിജയത്തിലേക്ക് നടന്നുകയറിയത്.
സറേ ഉയര്‍ത്തിയ 253 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റും നാല് പന്തും ബാക്കി നില്‍ക്കെ മിഡില്‍സെക്‌സ് മറികടക്കുകയയിരുന്നു. വൈറ്റാലിറ്റി ബ്ലാസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സാണ് ക്രിക്കറ്റ് ലോകം ഓവലില്‍ കണ്ടത്. ടി-20 ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച റണ്‍ ചെയ്‌സിലൊന്നാണ് ഇത്.
252 റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ചു എന്നത് മാത്രമല്ല മിഡില്‍സെക്‌സിന്റെ ഈ വിജയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അവരുടെ ലൂസിങ് സ്ട്രീക് കൂടിയായിരുന്നു ഓവലില്‍ തിരുത്തിയെഴുതപ്പെട്ടത്.
തുടര്‍ച്ചയായ 14 ടി-20 മത്സരങ്ങളില്‍ പരാജയമടഞ്ഞതിന് ശേഷമാണ് മിഡില്‍സെക്‌സ് ഈ വിജയം കുറിക്കുന്നത്. കഴിഞ്ഞ സീസണിലെ അവസാന മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട മിഡില്‍സെക്‌സ് ഈ സീസണിലെ ആദ്യ 11 മത്സരത്തിലും പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചിരുന്നു.
ഈ സീസണില്‍ കളിച്ച 12 മത്സരത്തില്‍ നിന്നും 11 തോല്‍വിയും ഈയൊരു വിജയവുമായി രണ്ട് പോയിന്റോടെ സൗത്ത് ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരാണ് മിഡില്‍സെക്‌സ്.
തുടര്‍ച്ചയായ തോല്‍വിയില്‍ നിന്നും തിരിച്ചുവന്നതാകട്ടെ 252 റണ്‍സിന്റെ ടോട്ടല്‍ ചെയ്‌സ് ചെയ്തും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സറേക്കായി വില്‍ ജാക്‌സും ലോറി എവാന്‍സും തകര്‍ത്തടിച്ചു. 45 പന്തില്‍ നിന്നും വില്‍ ജാക്‌സ് 96 റണ്‍സ് നേടിയപ്പോള്‍ എവാന്‍സ് 37 പന്തില്‍ നിന്നും 85 റണ്‍സും നേടി. ഇവരുടെ കരുത്തിലാണ് സറേ വമ്പന്‍ സ്‌കോറിലേക്കുയര്‍ന്നത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മിഡില്‍സെക്‌സ് ബാറ്റര്‍മാര്‍ ബീസ്റ്റ് മോഡിലേക്ക് ഗിയര്‍ മാറ്റുകയായിരുന്നു.
മിഡില്‍സെക്സിനായി ക്യാപ്റ്റന്‍ സ്റ്റീഫന്‍ എസ്‌കിനാസി (39 പന്തില്‍ 73), ജോ ക്രാക്നെല്‍ (16 പന്തില്‍ 36), മാക്സ് ഹോള്‍ഡന്‍ (35 പന്തല്‍ 68) റയാന്‍ ഹിഗ്ഗിങ്സ് (24 പന്തില്‍ 48) എന്നിവര്‍ തകര്‍ത്തടിച്ചതോടെ മിഡില്‍സെക്സ് നാല് പന്തും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
ജൂണ്‍ 23നാണ് മിഡില്‍സെക്‌സിന്റെ അടുത്ത മത്സരം. സ്പിറ്റ്ഫയര്‍ ഗ്രൗണ്ടില്‍ നടക്കുന്ന കെന്റാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം 11.30നാണ് മത്സരം.
Content Highlight: Middlesex win first match after 14 consecutive defeats