വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ ചരിത്രം കുറിച്ച് മിഡില്‍സെക്‌സ്. ഓവലില്‍ സറേക്കെതിരായ മത്സരത്തിലാണ് മിഡില്‍സെക്‌സ് റണ്ണൊഴുക്കി ചരിത്രം കുറിച്ചത്. വൈറ്റാലിറ്റി ബ്ലാസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സ് എന്ന റെക്കോഡാണ് മിഡില്‍സെക്‌സ് കുറിച്ചത്. ഇതിന് പുറമെ ടി-20 ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചെയ്‌സുകളില്‍ ഒന്നായും ഇത് മാറി.
മത്സരത്തില്‍ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച മിഡില്‍സെക്‌സിന് തുടക്കത്തിലേ പിഴച്ചിരുന്നു. ഓപ്പണര്‍ വില്‍ ജാക്‌സും ലോറി എവാന്‍സും ചേര്‍ന്ന് പടുകൂറ്റന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. 177 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 37 പന്തില്‍ ഒമ്പത് ബൗണ്ടറിയുടെയും അഞ്ച് സിക്‌സറിന്റെയും അകമ്പടിയോടെ 85 റണ്‍സ് നേടിയ എവന്‍സിനെ പുറത്താക്കി മാക്‌സ് ഹാരിസ്സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ടീം സ്‌കോര്‍ 191ല്‍ നില്‍ക്കവെ 45 പന്തില്‍ നിന്നും 96 റണ്‍സ് നേടിയ ഓപ്പണര്‍ വില്‍ ജാക്‌സും പുറത്തായി. ഏഴ് സിക്‌സറും എട്ട് ബൗണ്ടറിയുമായിരുന്നു വില്‍ ജാക്‌സിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
പിന്നാലെയെത്തിയവര്‍ക്ക് ഇവരോളം തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ സ്‌കോറിങ്ങിന് വേഗം കുറഞ്ഞു. ഒന്നിന് പിന്നാലെ ഒന്നായി വിക്കറ്റ് വീഴ്ത്തി മിഡില്‍സെക്‌സ് ബൗളര്‍മാരും അവസരം മുതലാക്കി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സിന് സറേ പോരാട്ടം അവസാനിപ്പിച്ചു.
മിഡില്‍സെക്‌സിനായി ടോം ഹെല്‍മ്, മാര്‍ട്ടിന്‍ ആന്‍ഡേഴ്‌സണും റയാന്‍ ഹിഗ്ഗിങ്‌സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മാക്‌സ് ഹാരിസ് ഒരു വിക്കറ്റും വീഴ്ത്തി.
253 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ മിഡില്‍സെക്‌സും തകര്‍ത്തടിച്ചു. അടിക്ക് തിരിച്ചടിയെന്നോണം മിഡില്‍സെക്‌സ് ബാറ്റര്‍മാര്‍ സറേക്ക് മേല്‍ പടര്‍ന്നുകയറിയപ്പോള്‍ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു.
ഓപ്പണര്‍മാര്‍ ചേര്‍ന്ന് അടിത്തറയിട്ട സ്‌കോറിങ്ങിനെ പിന്നാലെയെത്തിയവരും ചേര്‍ന്ന് പടുത്തുയര്‍ത്തി.
ഒടുവില്‍ 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മിഡില്‍സെക്‌സ് വിജയലക്ഷ്യം മറികടക്കുകയും വൈറ്റാലിറ്റി ബ്ലാസ്റ്റിന്റെ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.
മിഡില്‍സെക്‌സിനായി ക്യാപ്റ്റന്‍ സ്റ്റീഫന്‍ എസ്‌കിനാസിയും മാക്‌സ് ഹോള്‍ഡനും അര്‍ധ സെഞ്ച്വറി തികച്ചപ്പോള്‍ റയാന്‍ ഹഗ്ഗിങ്‌സും ജോ ക്രാക്‌നെലും മികച്ച രീതിയില്‍ സ്‌കോറിങ്ങിലേക്ക് തങ്ങളുടേതായ സംഭാവന നല്‍കി.
39 പന്തില്‍ നിന്നും 13 ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ ക്യാപ്റ്റന്‍ മുമ്പില്‍ നിന്നും നയിച്ചപ്പോള്‍ ഹോള്‍ഡന്‍ 35 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറുമായി പുറത്താകാതെ 68 റണ്‍സും സ്വന്തമാക്കി. റയാന്‍ ഹിഗ്ഗങ്‌സ് (24 പന്തില്‍ 48), ജോ ക്രാക്‌നെല്‍ (16 പന്തല്‍ 36) എന്നിവരും തകര്‍ത്തടിച്ചു.
തുടര്‍ച്ചയായ പത്ത് മത്സരം പരാജയപ്പെട്ട ശേഷമുള്ള മിഡില്‍സെക്‌സിന്റെ ആദ്യ വിജയമായിരുന്നു ഇത്. 11 മത്സരത്തില്‍ നിന്നും പത്ത് തോല്‍വിയും ഒരു ജയവുമായി രണ്ട് പോയിന്റോടെ സൗത്ത് സോണ്‍ പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് മിഡില്‍സെക്‌സ്.
സ്പിറ്റ്ഫയര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കെന്റനെതിരെയാണ് മിഡില്‍സെക്‌സിന്റെ അടുത്ത മത്സരം.
Content Highlight: Middlesex created history in Vitality Blast