| Thursday, 30th April 2020, 8:54 am

24 മണിക്കൂറിനിടെ നാല് മരണം; ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മലയാളികളാണ് ഗള്‍ഫില്‍ രോഗം ബാധിച്ച് മരിച്ചത്.

അധ്യാപികയായ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പ്രിന്‍സി റോയ് മാത്യു, സാമൂഹ്യപ്രവര്‍ത്തകന്‍ തൃശൂര്‍ തിരുവത്ര സ്വദേശി പി.കെ. അബ്ദുല്‍ കരീം ഹാജി എന്നിവര്‍ അബുദാബിയിലും ആറന്മുള ഇടയാറന്‍മുള വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍, തൃശൂര്‍ വലപ്പാട് തോപ്പിയില്‍ വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ കുവൈത്തിലുമാണ് മരിച്ചത്.

രാജേഷ് കുട്ടപ്പന്‍ നായര്‍ക്ക് താമസിക്കുന്ന കെട്ടിടത്തില്‍ നേരത്തെ കൊവിഡ് ബാധിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പടര്‍ന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ ഗള്‍ഫില്‍ 29 മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ വിവര ശേഖരണം തുടങ്ങി. മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ അതാതു രാജ്യങ്ങളിലെ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രവാസികളുടെ മടക്കയാത്ര ആസൂത്രണം ചെയ്യുന്നതിന് മടങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ എന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ നോര്‍ക്കയും പ്രവാസികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more