കോഴിക്കോട്: മിഠായി തെരുവ് തീപിടിത്തത്തെയും വര്‍ഗീയത പ്രചരിപ്പിക്കാന്‍ ബി.ജെ.പി ഉപയോഗിക്കുന്നെന്ന് കോണ്‍ഗ്രസ് എസ്. തീപിടിത്തത്തിന്റെ മറവില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ബി.ജെ.പി ശ്രമം അപകടകരമാണെന്നും കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് പി സത്യചന്ദ്രന്‍ പറഞ്ഞു.
എന്ത് സംഭവം നടന്നാലും അതൊക്കെ ബി.ജെ.പിയുടെ വര്‍ഗീയത ചെലവഴിക്കാനുള്ള മാര്‍ഗമായി കാണുന്നത് ഖേദകരമാണ്. തീപിടിത്തത്തില്‍ മതതീവ്രവാദികളുടെ പങ്ക് അന്വേഷിക്കണമെന്നും ഒരു വിഭാഗത്തിലുള്ള ജന്മികളുടെ കടകള്‍ മാത്രം കത്തുന്നത് സംശയാസ്പദവുമാണെന്ന ബി.ജെ.പി സംസ്ഥാന വക്താവിന്റെ പ്രതികരണത്തോടുള്ള മറുപടിയായാണ് കോണ്‍ഗ്രസ് എസിന്റെ പ്രസ്താവന.
മിഠായി തെരുവിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാകാണം. അടിക്കടിയുണ്ടാകുന്ന തീപിടിത്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികളാണ് വേണ്ടതെന്നും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായുള്ള ശ്രമങ്ങള്‍ ഭരണകൂടത്തിന്റെയും വ്യാപരികളുടെയും ഭാഗത്ത് നിന്നുണ്ടാകണമെന്നും ആവശ്യപ്പെട്ട സത്യചന്ദ്രന്‍ എരിതീയില്‍ എണ്ണയൊഴിച്ച് മുതലെടുപ്പിന് ശ്രമിക്കുന്ന ശക്തികളെ കരുതിയിരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം മിഠായി തെരുവിലുണ്ടായ തീപിടിത്തത്തില്‍ രാധാ തിയേറ്ററിനു സമീപത്തുള്ള മോഡേണ്‍ ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സിന്റെ മൂന്നുനില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നായി ഇരുപതോളം ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ വിമാനത്താവളത്തിലെ അത്യാധുനിക അഗ്‌നിശമന വാഹനങ്ങളും ചേര്‍ന്നായിരുന്നു ആളിപ്പടര്‍ന്ന തീയണച്ചത്.