| Saturday, 11th March 2023, 11:03 pm

വല്യ ഡെക്കറേഷൻ ഒന്നും വേണ്ട; മിഡ്‌ ടേബിൾ ടീം, അത് മതി; ലിവർപൂളിനെ വിമർശിച്ച് ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നീണ്ട തിരിച്ചടികൾക്ക് ശേഷം തിരിച്ചു വരുമെന്ന് തോന്നിപ്പിച്ച ലിവർപൂൾ വീണ്ടും ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് പരാജയപ്പെടുത്തി തങ്ങളുടെ പ്രതാപ കാലത്തെ പ്രകടനം പുറത്തെടുത്ത ക്ലബ്ബിന്, എന്നാൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ബേർൺമൗത്തിനെതിരെയാണ് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരം 28 മിനിട്ട് പിന്നിട്ടപ്പോൾ ഫിലിപ്പ് ബില്ലിങ്‌ നേടിയ ഗോളിനാണ് ബേർൺമൗത്ത് ലിവർപൂളിനെ തകർത്തത്.

എന്നാൽ മിഡ്‌ ടേബിൾ ക്ലബ്ബായ ബേർൺമൗത്തിനോട് പരാജയപ്പെട്ടതോടെ വലിയ വിമർശനങ്ങളാണ് ക്ലബ്ബിനും താരങ്ങൾക്കുമെതിരെ ലിവർപൂൾ ആരാധകർ ഉയർത്തുന്നത്. സലാ പെനാൾട്ടിയുൾപ്പെടെ നഷ്ടപ്പെടുത്തിയ മത്സരത്തിൽ അനായാസം വിജയിക്കാവുന്ന ഒരു മത്സരമായിരുന്നു ലിവർപൂൾ കൈവിട്ട് കളഞ്ഞത്.

മത്സരത്തിന്റെ 70 ശതമാനം സമയത്തോളവും പന്ത് കൈവശം വെച്ച് കളിച്ചിട്ടും ബേർൺമൗത്തിന്റെ ഗോൾ വല കുലുക്കാൻ ചെമ്പടക്ക് സാധിച്ചില്ല.

ഇതോടെയാണ് സമൂഹ മാധ്യമങ്ങളിലടക്കം ക്ലബ്ബിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നത്. ‘ഏഴ് ഗോളിന് ജയിച്ചതൊക്കെ ചരിത്രമായി മാറി, ‘ലിവർപൂൾ ഒരു മിഡ്‌ ടേബിൾ ക്ലബ്ബാണ്, ‘സലാ വിരമിക്കണം, തുടങ്ങിയ പരിഹാസങ്ങളാണ് ആരാധകർ ക്ലബ്ബിന് നേരെ ഉന്നയിച്ചത്.

കൂടാതെ കഴിഞ്ഞ സീസണിന് ശേഷം ലിവർപൂൾ വിട്ട് ജർമൻ ക്ലബ്ബ്‌ ബയേണിലേക്ക് ചേക്കേറിയ മാനെ തിരിച്ചുവരണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ ആഹ്വാനം ചെയ്യുന്നുണ്ട്.

അതേസമയം മത്സരം പരാജയപ്പെട്ടതോടെ ലീഗ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് ഉയരാനുള്ള ലിവർപൂളിന്റെ സാധ്യതകൾക്ക് വീണ്ടും തിരിച്ചടി നേരിട്ടു. നിലവിൽ 26 മത്സരങ്ങളിൽ നിന്നും 12 വിജയങ്ങളുമായി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ.

ഏപ്രിൽ ഒന്നിന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് ലിവർപൂളിന്റെ അടുത്ത മത്സരം.

Content Highlights:Mid table performance fans protest against liverpool

Latest Stories

We use cookies to give you the best possible experience. Learn more