ന്യൂദല്‍ഹി: എ.ഐ ഉപയോഗിച്ച് ചൈന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. എ.ഐയുടെ സഹായത്തോടെ നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ചൈന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണത്തിനായി എ.ഐ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
ജനുവരിയില്‍ തായ്വാനില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എ.ഐ മുഖേന ചൈന വ്യാജ പ്രചരണം നടത്തിയതായി മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഔദ്യോഗിക സര്‍ക്കാരിന്റെ അനുമതിയോടെ എ.ഐ ഉപയോഗിച്ച് ഇടപെടല്‍ നടത്തുന്ന ഒരു സ്ഥാപനത്തെ ആദ്യമായാണ് കാണുന്നതെന്ന് മൈക്രോസോഫ്റ്റ് ചൂണ്ടിക്കാട്ടി.
നിലവില്‍ എ.ഐ മുഖേനയുള്ള പ്രത്യാഘാതങ്ങള്‍ കുറവാണ്. എന്നാല്‍ ഇത്തരം മേഖലയില്‍ നടത്തുന്ന പരീക്ഷണങ്ങളുടെ വ്യാപ്തി ചൈന വര്‍ധിപ്പിക്കുകയാണ്. ഇത് ഒരുപക്ഷെ ലോകത്തിന് വെല്ലുവിളിയായേക്കാമെന്നും മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ഇന്ത്യക്ക് പുറമെ അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സമാനമായ രീതിയില്‍ ചൈന ഇടപെടുമെന്നും മൈക്രോസോഫ്റ്റ് ചൂണ്ടിക്കാട്ടുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സെര്‍ച്ച് എന്‍ജിന്‍ ആയ ജെമിനിക്കെതിരെ കേന്ദ്ര ഐ.ടി മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫാസിസ്റ്റ് ആണെന്ന് പറഞ്ഞുകൊണ്ടുള്ള വിവരങ്ങള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ജെമിനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.
ഫാസിസ്റ്റുകളുടെ ചില സ്വഭാവ സവിശേഷതകള്‍ നരേന്ദ്ര മോദിക്കുണ്ടെന്നും അത്തരം ആശയങ്ങള്‍ക്ക് സമാനമായ നയങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അവയുടെ അടിസ്ഥാനത്തില്‍ മോദിയെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്നതാണെന്ന് ഗൂഗിള്‍ എ.ഐ പറഞ്ഞിരുന്നു.
വിയോജിപ്പിനെതിരെയുള്ള അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള എതിര്‍ നയങ്ങള്‍, കടുത്ത ദേശീയതയും ഹിന്ദു സ്വത്വത്തിന് ഊന്നലും, ബലപ്രയോഗം തുടങ്ങിയവയാണ് മോദി നടപ്പിലാക്കിയ ഫാസിസ്റ്റ് ആശയങ്ങളെന്നാണ് ജെമിനി പ്രതികരിച്ചത്.
Content Highlight: Microsoft warns that China may use AI to influence Lok Sabha elections