| Sunday, 5th February 2023, 11:21 am

ചാര്‍ലി ഹെബ്ദോ ഹാക്ക് ചെയ്തത് ഇറാന്‍; വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ ഫ്രാന്‍സിസ്‌കോ: ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിന്‍ ചാര്‍ലി ഹെബ്ദോ (Charlie Hebdo) ഹാക്ക് ചെയ്തതിന് പിന്നില്‍ ഇറാന്‍ ആണെന്ന് മൈക്രോസോഫ്റ്റ്. മാഗസിന്റെ സ്വകാര്യ ഉപഭോക്തൃ വിവരങ്ങള്‍ ഇറാനിയന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള സംഘം മോഷ്ടിച്ചെന്നാണ് മൈക്രോസോഫ്റ്റിന്റെ വാദം.

ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ പരമ്പര ചാര്‍ലി ഹെബ്ദോ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാഗസിന്‍ ഹാക്ക് ചെയ്യപ്പെട്ടത്.

ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കുള്ള പിന്തുണയറിയിക്കുന്ന മീഡിയ ക്യാമ്പെയിനിന്റെ ഭാഗമായാണ് കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചത് എന്ന് മാഗസിന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം മൈക്രോസോഫ്റ്റിന്റെ പരാമര്‍ശത്തോട് ഫ്രഞ്ച് അധികാരികളോ ഇറാനിയന്‍ സര്‍ക്കാരോ പ്രതികരിച്ചിട്ടില്ല. തത്ക്കാലത്തേക്ക് വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ചാര്‍ലി ഹെബ്ദോ അധികാരികളുടേയും പ്രതികരണം.

കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇറാനിലെ ഫ്രഞ്ച് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടഞ്ഞിരുന്നു.

ഇറാനിയന്‍ സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള ഹാക്കിങ് സംഘങ്ങള്‍ മുമ്പ് നടത്തിയ പ്രവര്‍ത്തനങ്ങളോട് സാമ്യമുള്ളതാണ് ചാര്‍ലി ഹെബ്ദോ വിഷയത്തില്‍ സംഭവിച്ചിരിക്കുന്നതെന്നും, നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചാരപ്രവൃത്തി നടത്തിയതെന്നും മൈക്രോസോഫ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

2020ല്‍ നടന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വിവിധ ക്യാമ്പെയിനുകള്‍ നടത്തിയ അതേ സംഘമാണ് ചാര്‍ലി ഹെബ്ദോയുടെ വരിക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതെന്നും മൈക്രോസോഫ്റ്റ് പറയുന്നു. യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൈക്രോസോഫ്റ്റിന്റെ പരാമര്‍ശം അന്ന് ഇറാന്‍ തള്ളിയിരുന്നു.

ഖമനേയിയുടെ കാര്‍ട്ടൂണ്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു ഹോളി സോള്‍സ് (Holy Sousl) എന്നറിയപ്പെടുന്ന സംഘം ചാര്‍ലി ഹെബ്ദോ വരിക്കാരുടെ വിവരങ്ങള്‍ കൈവശമുണ്ടെന്ന വാദവുമായി രംഗത്തെത്തിയത്. തങ്ങളുടെ കൈവശം 20,000 വരിക്കാരുടെ വിവരങ്ങള്‍ ഉണ്ടെന്നും 20 ബിറ്റ്‌കോയിന്‍ നിരക്കില്‍ ഇവ വില്‍ക്കുമെന്നുമായിരുന്നു സംഘത്തിന്റെ വാദം.

ലീക്ക് ചെയ്യപ്പെട്ടുവെന്ന് പറയപ്പെടുന്ന വിവരങ്ങളുടെ സാമ്പിള്‍ പിന്നീട് പുറത്തുവരികയും അവ ഫ്രഞ്ച് മാധ്യമമായ ലേ മോണ്ട് (Le Monde) പരിശോധിച്ചു സത്യമാണെന്ന് തെളിയിക്കുകയും ചെയ്തിരുന്നു.

ഇതേ സംഘം പിന്നീട് ചോര്‍ത്തിയ വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുകയും കാര്‍ട്ടൂണിനെതിരായ വിമര്‍ശനങ്ങള്‍ തുടരുകയും ചെയ്തിരുന്നു.

നേരത്തെ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണുകള്‍ ചാര്‍ലി ഹെബ്ദോ പ്രസിദ്ധീകരിച്ചത് വലിയ വിവാദമായിരുന്നു. ചാര്‍ലി ഹെബ്ദോ മതനിന്ദ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിനെതിരെ ഇസ്‌ലാമിക രാജ്യങ്ങളുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കാര്‍ട്ടൂണ്‍ ക്ലാസ് മുറി.ില്‍ പ്രദര്‍ശിപ്പിച്ചതിന് ഫ്രാന്‍സിലൈ ചരിത്രാധ്യാപകന്‍ സാമുവേല്‍ പാറ്റിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതും ഇതിന് പിന്നാലെയാണ്. പ്രവാചകന്റെ കാര്‍ട്ടൂണുമായി ബന്ധപ്പെട്ട നടന്ന പ്രതിഷേധങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlight: Microsoft says Iran is behind hacking of Charlie Hebdo magazine

We use cookies to give you the best possible experience. Learn more