| Thursday, 19th January 2023, 2:43 pm

ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു; 10,000 പേരെ പിരിച്ചുവിടാന്‍ മൈക്രോസോഫ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ ഫ്രാന്‍സിസ്‌കോ: 2023 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ (Microsoft Corp).

10,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒയും ചെയര്‍മാനുമായ സത്യ നാദെല്ല ബുധനാഴ്ച വ്യക്തമാക്കിയത്.

ടെക് ഭീമന്മാര്‍ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയും യു.എസിലെ സാങ്കേതിക മേഖലകളില്‍ പിരിച്ചുവിടലുകള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് മൈക്രോസോഫ്റ്റിന്റെ നീക്കം. ചൊവ്വാഴ്ചയായിരുന്നു ഇത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

കുറച്ച് തൊഴിലാളികളെ ഒഴിവാക്കിയതായി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവിധ ഡിവിഷനുകളിലായി 1,000ല്‍ താഴെ ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതായി ഇക്കഴിഞ്ഞ ഒക്ടോബറില്‍ വാര്‍ത്താസൈറ്റായ ആക്‌സിയോസ് (Axios) റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മൈക്രോസോഫ്റ്റ് നിലവില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെ മാന്ദ്യത്തെ നേരിടുകയാണ്. കൊവിഡ് മഹാമാരിക്ക് ശേഷം വിന്‍ഡോസിനും അനുബന്ധ സോഫ്റ്റ്‌വെയറിനുമുള്ള ഡിമാന്‍ഡ് വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെ നിരവധി പാദങ്ങളിലെ മാന്ദ്യം വിന്‍ഡോസിന്റെ വില്‍പനയെ ബാധിച്ചത് കാരണം തങ്ങളുടെ ക്ലൗഡ് യൂണിറ്റ് അസുറില്‍ (cloud unit Azure) വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുന്നതിന് മൈക്രോസോഫ്റ്റ് വലിയ സമ്മര്‍ദ്ദത്തിലായിരുന്നു.

ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം, അമേരിക്കയില്‍ 1,22,000 ജീവനക്കാരും അന്താരാഷ്ട്ര തലത്തില്‍ 99,000 ജീവനക്കാരുമുള്‍പ്പെടെ 2,21,000 മുഴുവന്‍ സമയ ജീവനക്കാര്‍ മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.

Content Highlight: Microsoft is going to Cut 10,000 Jobs As Tech Layoffs Intensify

We use cookies to give you the best possible experience. Learn more