സിയാറ്റില്‍: മൈക്രോസോഫ്റ്റ് സ്ഥാപകനും വ്യവസായ ഭീമനുമായ പോള്‍ അലന്‍ അന്തരിച്ചു. സിയാറ്റിലെ ആശുപത്രിയില്‍ വച്ച് മരിക്കുമ്പോള്‍ 65 വയസ്സായിരുന്നു. ക്യാന്‍സര്‍ ബാധയാണ് മരണകാരണം.
2009 ല്‍ ക്യാന്‍സറിന് ചികിത്സ നടത്തുകയും രോഗം സുഖപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം രോഗം വീണ്ടും പിടിപെട്ടു എന്ന വാര്‍ത്ത പുറത്ത വന്നിരുന്നു.
22ാം വയസ്സിലാണ് അലന്‍ ബില്‍ ഗേറ്റ്‌സിനൊപ്പം മൈക്രോസോഫ്റ്റ് ആരംഭിക്കുന്നത്. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് മൈക്രോസോഫ്റ്റ്.
കമ്പ്യൂട്ടറുകള്‍ക്ക് വലിയ വിലയുള്ള കാലത്താണ് ഇവര്‍ ബിസിനസ്സ് തുടങ്ങുന്നത്. മൈക്രോസോഫ്റ്റിന്റെ വിജയം കമ്പനിക്ക് 10 ബില്ല്യണ്‍ ഡോളറാണ് 1992 ല്‍ നേടിക്കൊടുത്തത്.
“ഐഡിയ മാന്‍ ” എന്നാണ് അലന്‍ സ്വയം വിശേഷിപ്പിക്കുന്നത്. ധനികരെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദിപ്പിക്കുന്ന ഗിവിങ്ങ് പ്ലഡ്ജ് എന്ന സ്ഥാപനത്തിലെ ആദ്യത്തെ അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് അലന്‍.