വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സത്യ നദെല്ലയുടെ മകന്‍ അന്തരിച്ചു. സത്യ നദെല്ലയുടെയും അനു നാദെല്ലയുടെയും മകനായ സെയിന്‍ നാദെല്ലയാണ് മരിച്ചത്. 26 വയസ്സായിരുന്നു.
ജന്മനാ തലച്ചോറിനെ ബാധിക്കുന്ന സെറബ്രല്‍ പാള്‍സി രോഗബാധിതനായിരുന്നു സെയിന്‍.
ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് നദെല്ല മകന്റെ മരണവിവരം ജീവനക്കാരെ അറിയിച്ചത്. തന്റെ കുടുംബത്തെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്താനും സന്ദേശത്തില്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.
2021ല്‍ സെയിന്‍ നദെല്ലയെ കൂടുതല്‍ കാലം ചികിത്സിച്ചിരുന്ന ചില്‍ഡ്രന്‍സ് ആശുപത്രിയുമായി സഹകരിച്ച് നദെല്ല കുടുംബം സെയിന്‍ നദെല്ല എന്‍ഡോവ്ഡ് ചെയര്‍ ആരംഭിച്ചിരുന്നു. കുട്ടികളുടെ നാഡീവ്യൂഹ സംബന്ധമായ ശാസ്ത്രശാഖയുമായി ബന്ധപ്പെട്ടാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്.
‘സെയ്‌നിന്റെ സംഗീതത്തിലുള്ള അഭിരുചി, തിളങ്ങുന്ന പുഞ്ചിരി, കുടുംബത്തിനോടുള്ള സ്‌നേഹം, എന്നിവയിലൂടെ അദ്ദേഹമെന്നും ഓര്‍മിക്കപ്പെടുമെന്ന്’ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ സി.ഇ.ഒ ജെഫ് സ്പെറിങ് അഭിപ്രായപ്പെട്ടു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
54-കാരനായ സത്യ നദെല്ല 2014ല്‍ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആയതിന് ശേഷം ഭിന്നശേഷിക്കാര്‍ക്ക് പിന്തുണ നല്‍കുന്ന ഉത്പന്നങ്ങള്‍ കമ്പനി രൂപകല്‍പന ചെയ്തിരുന്നു.
ഭിന്നശേഷിക്കാരായ ഉപയോക്താക്കളെ കൂടി പരിഗണിക്കുന്ന രീതിയില്‍ നിരവധി പരിപാടികള്‍ക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
Content Highlight: Microsoft CEO Satya Nadella’s Son, Zain, Dies At 26