[]സാന്‍ഫ്രാന്‍സിസ്‌കോ: “വിന്‍ഡോസ് 10” ഓപ്പറേറ്റിങ് സിസ്റ്റവുമായി മൈക്രോസോഫ്റ്റ് വരുന്നു. കഴിഞ്ഞദിവസമാണ് “വിന്‍ഡോസ് 10” പുറത്തിറക്കുന്നകാര്യം മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. “വിന്‍ഡോസ് 8″ന് വേണ്ടത്ര ജനകീയത ലഭിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി മൈക്രോസോഫ്റ്റ് രംഗത്തെത്തിയിരിക്കുന്നത്.
ലോകത്താകമാനം 1.5 ബില്യണ്‍ ആളുകള്‍ പുതിയ വേര്‍ഷന്‍ ഉപയോഗിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്കുകൂട്ടല്‍. ഇതുവഴി “വിന്‍ഡോസ് 8” ലൂടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാകുമെന്നും മൈക്രോസോഫ്റ്റ് പ്രതീക്ഷിക്കുന്നു.
മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ ഉദ്യമമാണ് “വിന്‍ഡോസ് 10” എന്ന് ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ തലവനായ ടെറി മേയര്‍സണ്‍ അവകാശപ്പെടുന്നു. ഗവേഷക സ്ഥാപനമായ ഫോറസ്റ്ററിന്റെ കണ്ടെത്തലനുസരിച്ച് 20% ആളുകളെ മാത്രമേ രണ്ട് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ “വിന്‍ഡോസ് 8″ന് ആകര്‍ഷിക്കാനായിട്ടുള്ളൂ. “വിന്‍ഡോസ് 8” ന്റെ ടച്ച് ഒപ്റ്റിമൈസ്ഡ് ഇന്റര്‍ഫെയ്‌സ് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. കൂടാതെ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന സ്റ്റാര്‍ട്ട് ബട്ടനും പോപ്പ് അപ്പ് മെനുവും നഷ്ടമായതും ആളുകളെ വെറുപ്പിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.
“വിന്‍ഡോസ് 10″ലൂടെ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമമാണ് മൈക്രോസോഫ്റ്റ് നടത്തുന്നത്. ആപ്പിള്‍ ഇങ്കിന്റെ ഐഫോണും ഐ പാഡും ഗൂഗിള്‍ ഇങ്കിന്റെ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളും ഓണ്‍ സ്‌ക്രീന്‍ ലൈഫില്‍ വിന്‍ഡോസിന്റെ സ്വാധീനം കുറച്ചിരുന്നു.
10 വര്‍ഷം മുമ്പ് പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ അടക്കി ഭരിച്ചിരുന്ന “വിന്‍ഡോസ്” ഇന്ന് 14% ഉപകരണങ്ങളില്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നാണ് ഗവേഷക സ്ഥാപനമായ ഗാര്‍ട്‌നറിന്റെ കണ്ടെത്തല്‍.