| Sunday, 13th December 2015, 3:20 pm

ഇന്ത്യയില്‍ പുതിയ മാനുഫാക്ചറിങ് യൂണിറ്റുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ട് മൈക്രോമാക്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ പുതിയ മാനുഫാക്ചറിങ് യൂണിറ്റുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ട് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് രംഗത്ത്.

ഇതിനായി 300 കോടി രൂപ കമ്പനി നിക്ഷേപിച്ചുകഴിഞ്ഞു. ഹാന്‍ഡ്‌സെറ്റ് നിര്‍മാണം ഇന്ത്യയില്‍ തന്നെ നടത്താനും ചൈനയില്‍ നിന്നുള്ള ഇറക്കുമതി പരമാവധി കുറയ്ക്കാനും വേണ്ടിയിട്ടാണ് ഇന്ത്യയില്‍ പുതിയ യൂണിറ്റുകള്‍ ആരംഭിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്.

രാജസ്ഥാന്‍, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും അടുത്ത വര്‍ഷത്തോടെ പുതിയ യൂണിറ്റുകള്‍ ആരംഭിക്കുക. തെലങ്കാനയില്‍ 20 ഏക്കര്‍ ഭൂമി ലഭ്യമായിട്ടുണ്ടെന്നും രാജസ്ഥാനില്‍ 25 ഏക്കര്‍ ഭൂമി അനുവദിച്ചുകിട്ടിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യൂണിറ്റുകളുടെ ജോലി ആരംഭിക്കും. തിരുപ്പതിയിലും അധികം വൈകാതെ തന്നെ നിര്‍മാണ ജോലികള്‍ ആരംഭിക്കും.

എല്ലാ യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഏതാണ്ട് നാല് മില്യണ്‍ യൂണിറ്റ് കപ്പാസിറ്റി സാധ്യമാകുമെന്നും മൈക്രോമാക്‌സ് കോ ഫൗണ്ടര്‍ രാജേഷ് അഗര്‍വാള്‍ അറിയിക്കുന്നു.

ഇതുപ്രകാരം ഓരോ ഫാക്ടറിയിലും 3000ത്തിനും 3500നും ഇടയിലുള്ള ആളുകള്‍ക്ക് ജോലി നല്‍കാന്‍ സാധിക്കും. അതിലുപരിയായി ഓരോ പുതിയ പ്രൊജക്ടിലും 100 കോടി വീതം നിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ കമ്പനിയ്ക്ക് ഉത്തരാഖണ്ഡിലെ രുദ്രാപൂരിലാണ് ഒരു അസംബ്ലി യൂണിറ്റുള്ളത്. 1 മില്യണ്‍ യൂണിറ്റ് ഉദ്പാദനമാണ് ഇവിടെ നടക്കുക.

മൈക്രോമാക്‌സ് 30-35 ശതമാനം ആവശ്യോപാധികളും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യാറാണ് പതിവ്. എന്നാല്‍ കമ്പനിയുടെ പുതിയ യൂണിറ്റുകള്‍ ആരംഭിക്കുന്നതോടെ ബാറ്ററി ഉള്‍പ്പെടെയുള്ള ഘടകഭാഗങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉത്പാദിക്കുമെന്നും മൈക്രോമാക്‌സ് വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more