മിഷേല്‍ ഒബാമ 2021ലെ ലോകത്തിലെ ഏറ്റവും ആരാധ്യയായ വനിത; ആദ്യ പത്തിലെ ഇന്ത്യന്‍ മുഖം പ്രിയങ്ക ചോപ്ര
World News
മിഷേല്‍ ഒബാമ 2021ലെ ലോകത്തിലെ ഏറ്റവും ആരാധ്യയായ വനിത; ആദ്യ പത്തിലെ ഇന്ത്യന്‍ മുഖം പ്രിയങ്ക ചോപ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th December 2021, 7:50 pm

2021ല്‍ ലോകത്തിലെ ഏറ്റവും ആദരിക്കപ്പെട്ട വനിത മിഷേല്‍ ഒബാമ. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുഗവ് (YouGov) എന്ന മാര്‍ക്കറ്റ് റിസര്‍ച്ച് ഡാറ്റ അനലിറ്റിക്‌സ് കമ്പനിയാണ് ലിസ്റ്റ് പുറത്തുവിട്ടത്.

അന്താരാഷ്ട്ര തലത്തില്‍ നടത്തിയ സര്‍വേയുടെ ഫലമായാണ് 2021ല്‍ ലോകത്തില്‍ ഏറ്റവും ആദരിക്കപ്പെട്ട വനിതകളുടെ പട്ടിക പുറത്തുവിട്ടത്.

അമേരിക്കയുടെ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയ്ക്ക് പിന്നാലെ ഹോളിവുഡ് താരം ആഞ്ജലീന ജോളി, ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, അവതാരക ഒപ്ര വിന്‍ഫ്രി, നടി സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.

ആദ്യ പത്തിലെ ഇന്ത്യന്‍ സാന്നിധ്യമായി നടി പ്രിയങ്ക ചോപ്രയും പട്ടികയിലുണ്ട്. ലിസ്റ്റില്‍ 10ാം സ്ഥാനത്താണ് താരം. ഹോളിവുഡ് താരം എമ്മ വാട്‌സണ്‍, അമേരിക്കന്‍ ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ്, മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍, ആക്ടിവിസ്റ്റും നൊബേല്‍ ജേതാവുമായ മലാല യൂസുഫ്‌സായ് എന്നിവരാണ് ആദ്യ പത്തിലെ മറ്റ് വനിതകള്‍.

അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ എന്നിവര്‍ 11, 12 സ്ഥാനങ്ങളിലാണ്. യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബേര്‍ഗ് 15ാം സ്ഥാനത്തും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്‍ 20ാം സ്ഥാനത്തുമാണ്.

പ്രിയങ്ക ചോപ്രയ്ക്ക് പുറമെ നടി ഐശ്വര്യ റായിയും എഴുത്തുകാരിയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണുമായ സുധാ മൂര്‍ത്തിയുമാണ് ഇന്ത്യന്‍ സാന്നിധ്യമായി പട്ടികയിലുള്ളത്.

ഐശ്വര്യയും സുധാ മൂര്‍ത്തിയും യഥാക്രമം 13, 14 സ്ഥാനങ്ങളിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Michelle Obama top list of world’s most admired women in 2021