[]ജോഹന്നാസ്ബര്‍ഗ്: അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ സംസ്‌കാര ചടങ്ങിനോട് അനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന അനുസ്മരണ ചടങ്ങിനിടെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അടക്കമുള്ള നേതാക്കളുടെ ഫോട്ടോഷൂട്ട് പ്രകടനം ഇതിനകം തന്നെ വാര്‍ത്തയായി കഴിഞ്ഞു.
ഫോട്ടോ ഷൂട്ട് പ്രകടനം കണ്ട് തൊട്ടടുത്ത് ദു:ഖ ഭാവത്തോടെ ഇരിക്കുന്ന മിഷേല്‍ ഒബാമയായിരുന്നു ഫോട്ടോയിലെ മറ്റൊരു താരം. എന്നാല്‍ സംഭവം വിവാദമായതിന് ശേഷം ഇതിനെ കുറിച്ച് ഒരക്ഷരം പോലും പറയാന്‍ ഒബാമയോ മറ്റ് നേതാക്കളോ തയ്യാറായിട്ടില്ല.
അനുസ്മരണ ചടങ്ങിനായി വന്നവര്‍ സെല്‍ഫോണില്‍ സ്വന്തം ചിത്രങ്ങളെടുത്ത് രസിക്കുന്ന എല്ലാ ചിത്രത്തിലും മിഷേലിന്റെ മുഖത്ത് ഭിന്നഭാവമായിരുന്നു. ഒന്നും പ്രതികരിക്കാനാവാതെയും അല്പം വിഷാദത്തോടെയും അവര്‍ ചടങ്ങില്‍ ഇരുന്നെന്ന് വേണം കരുതാന്‍.
ഒബാമയ്‌ക്കൊപ്പം ഡെന്മാര്‍ക്ക് പ്രധാനമന്ത്രി ഹെല്ലി ത്രോണിങ്ങും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണുമായിരുന്നു ഈ സെല്‍വി പോസുകള്‍ എടുക്കുന്നതില്‍ മുന്‍പന്തിയില്‍.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുടെ ഫൊട്ടോഗ്രാഫര്‍ റോബര്‍ട്ടോ ഷിമിഡ്‌സറ്റാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സൊവിറ്റോയിലെ എഫ്.എന്‍.ബി സ്‌റ്റേഡിയത്തിലാണ് അനുസ്മരണ ചടങ്ങുകള്‍ നടന്നത്.
ഇതിനിടയിലാണ് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി സ്വന്തം സ്മാര്‍ട് ഫോണ്‍ എടുത്ത് മൂവരുടെയും ചിത്രം പകര്‍ത്തിയത്. ചിത്രം എടുത്ത ശേഷം സ്വന്തം മൊബൈലില്‍ അവര്‍ ഫോട്ടോകള്‍ ഒബാമയ്ക്കും കാമറൂണിനും കാണിച്ചു കൊടുത്തു. ഒബാമയും കാമറൂണും ചിത്രങ്ങള്‍ നോക്കി പൊട്ടിച്ചിരിക്കുകയും കമന്റടിക്കുകയും ചെയ്തു.
ഹെലിലയുടെ വലതു വശത്ത് കാമറോണും ഇടതുവശത്ത് ഒബാമയുമാണ് ഇരിക്കുന്നത്. ഒബാമയുടെ അടുത്തായി മിഷേലും. എന്നാല്‍ എല്ലാ ഫോട്ടോയിലും മിഷേലിന്റെ മുഖം മ്ലാനമായിരുന്നു. മറ്റൊരു ചിത്രത്തില്‍ കാമറോണിന്റെ കവിളില്‍ തമാശരൂപേണ ഹെല്ലി അടിക്കുന്നതും കാണാം.
മണ്ടേല അനുസ്മരണ ചടങ്ങ് നടന്ന സൊവേറ്റോ വേള്‍ഡ് കപ്പ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി ഉള്‍പ്പടെയുള്ളവര്‍ മണ്ടേലയെ അനുസ്മരിക്കുമ്പോള്‍ ആണ് ലോകമൊട്ടാകെ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റേയും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടേയും ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രിയുടേയും ഈ തമാശക്കളി.
എന്തുകൊണ്ടാണ് ഒബാമയും കാമറൂണും ഇത്തരത്തില്‍ വിഡ്ഡികളായി പെരുമാറിയതെന്ന് മനസിലാകുന്നില്ലെന്നാണ് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് നേതാവ് ഇയാന്‍ മാര്‍ട്ടിന്‍ തന്റെ ബ്ലോഗില്‍ കുറിച്ചത്. ചുറ്റുമുള്ളവരും ഇവരെപ്പോലെ വിഡ്ഡികളാണെന്നാണോ ഇവര്‍ ധരിച്ചതെന്നും ഇദ്ദേഹം ചോദിക്കുന്നു.