| Tuesday, 1st October 2024, 1:14 pm

ആ ഇന്ത്യൻ താരം എനിക്കെതിരെ കുറച്ച് റൺസ് മാത്രമേ സ്‌കോർ ചെയ്തിട്ടുള്ളൂ: മിച്ചൽ സ്റ്റാർക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ വെച്ച് കളിക്കുക.

ആവേശകരമായ ഈ പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. കളിക്കളത്തില്‍ വിരാടുമായി എല്ലായിപ്പോഴും മികച്ച പോരാട്ടങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പറഞ്ഞത്.

‘നിങ്ങള്‍ തമ്മില്‍ പരസ്പരം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എനിക്ക് എല്ലായ്‌പ്പോഴും അദ്ദേഹവുമായി മികച്ച പോരാട്ടങ്ങള്‍ ഉണ്ടായിരുന്നു. എനിക്ക് കോഹ്‌ലിയെ ഒന്നോ രണ്ടോ തവണ പുറത്താക്കാന്‍ കഴിഞ്ഞു. അവന്‍ എനിക്കെതിരെ കുറച്ച് റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തു എന്നതില്‍ സംശയമില്ല. അതിനാല്‍ അത് എല്ലായ്‌പ്പോഴും നല്ല ഒരു മത്സരമാണ്. ഞങ്ങള്‍ രണ്ട് പേരും പരസ്പരം ആസ്വദിക്കുന്ന ഒന്നാണ്,’ മിച്ചല്‍ സ്റ്റാര്‍ക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡാണ് കോഹ്‌ലിക്കുള്ളത്. 25 ടെസ്റ്റ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റെടുത്ത വിരാട് 2042 റണ്‍സാണ് നേടിയിട്ടുള്ളത്. കങ്കാരുപ്പടക്കെതിരെ ടെസ്റ്റില്‍ 47.49 ആവറേജിലാണ് താരം ബാറ്റ് വീശിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് ഒരു ടീമിനെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. താരത്തിന്റെ ഈ മിന്നും പ്രകടനം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര സ്വന്തം മണ്ണില്‍ എത്തിക്കാനായിരിക്കും ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് നവംബറില്‍ വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ കൈകളിലാണ്. ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്.

അതുകൊണ്ടുതന്നെ കങ്കാരുപ്പടയ്‌ക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര ആയിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറുഭാഗത്ത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും നഷ്ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ നേടാനുമായിരിക്കും കങ്കാരുപ്പട അണിനിരക്കുക.

Content Highlight: Michell Starc Talks About Virat Kohli

We use cookies to give you the best possible experience. Learn more