സാക്ഷാല്‍ മലിംഗയെ വീഴ്ത്തി ചരിത്രത്തില്‍ ഒന്നാമന്‍; ലോകകപ്പിന്റെ ചരിത്രം മാറ്റിമറിച്ച് ഓസീസ് സൂപ്പർതാരം
Cricket
സാക്ഷാല്‍ മലിംഗയെ വീഴ്ത്തി ചരിത്രത്തില്‍ ഒന്നാമന്‍; ലോകകപ്പിന്റെ ചരിത്രം മാറ്റിമറിച്ച് ഓസീസ് സൂപ്പർതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st June 2024, 9:31 am

ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ ബംഗ്ലാദേശ് ഓസ്‌ട്രേലിയ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. സര്‍വീയന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണ് നേടിയത്.

ഓസ്‌ട്രേലിയന്‍ ബൗളിങ്ങില്‍ ഹാട്രിക് നേടി മിന്നും പ്രകടനം നടത്തിയ പാറ്റ് കമ്മിന്‍സ് ആണ് ബംഗ്ലാദേശിനെ തകര്‍ത്തത്. തൗഹിദ് ഹൃദോയ്, മഹമ്മദുള്ള, മെഹദി ഹസന്‍ എന്നിവരെ പുറത്താക്കിയാണ് കമ്മിന്‍സ് കരുത്ത്കാട്ടിയത്.
ആദം സാംപ രണ്ട് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോണിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി നിര്‍ണായകമായി.

ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണ്‍ ടാന്‍സിദ് ഹസനെ ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു സ്റ്റാര്‍ക്ക്. ഈ തകര്‍പ്പന്‍ വിക്കറ്റിന് പിന്നാലെ ഒരു ചരിത്രം നേട്ടവും മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തമാക്കി. ടി-20, ഏകദിന ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി മാറാനാണ് സ്റ്റാര്‍ക്കിന് സാധിച്ചത്. 95 വിക്കറ്റുകളാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ നേടിയത്. 94 വിക്കറ്റുകള്‍ വീഴ്ത്തിയ ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗയെ മറികടന്നു കൊണ്ടായിരുന്നു സ്റ്റാര്‍ക്കിന്റെ മുന്നേറ്റം.

ടി-20/ഏകദിന ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, ടീം, വിക്കറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍

മിച്ചല്‍ സ്റ്റാര്‍ക്ക്-ഓസ്‌ട്രേലിയ-95

ലാസിത് മലിംഗ-ശ്രീലങ്ക-94

ഷാകിബ് അല്‍ ഹസന്‍- ബംഗ്ലാദേശ്-92

ട്രെന്റ് ബോള്‍ട്ട്- ന്യൂസിലാന്‍ഡ്-87

മഹമ്മദുള്ള- ബംഗ്ലാദേശ്-79

ബംഗ്ലാദേശ് ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ നജുമുല്‍ ഹുസൈന്‍ ഷാന്റോ 36 പന്തില്‍ 41 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായി. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. 28 പന്തില്‍ 40 റണ്‍സ് നേടിയ തൗഹിദ് ഹൃദോയിയും നിര്‍ണായകമായ പ്രകടനമാണ് നടത്തിയത്.

രണ്ട് വീതം ഫോറും സിക്സുമാണ് താരം അടിച്ചെടുത്തത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

 

Content Highlight: Michell Starc Create a New Record in T20 World Cup