| Monday, 30th September 2024, 11:18 am

അവൻ ഒരു അണ്ടർറേറ്റഡായ ബൗളറാണ്: പ്രസ്താവനയുമായി മിച്ചൽ മാർഷ്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 3-2ന് സ്വന്തമാക്കി ഓസ്‌ട്രേലിയ. കഴിഞ്ഞ ദിവസം നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് സ്റ്റേണ്‍ നിയമപ്രകാരം 49 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.

സീറ്റ് യുണീക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.2 ഓവറില്‍ 309 റണ്‍സിന് പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 20.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ മഴ കളി തടസപ്പെടുത്തിയതോടെ മഴ നിയമപ്രകാരം ഓസ്‌ട്രേലിയ വിജയിക്കുകയായിരുന്നു.

മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ബൗളിങ്ങില്‍ ട്രാവിസ് ഹെഡ് നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഹെഡ് തിളങ്ങിയത്. 6.2 ഓവറില്‍ 28 റണ്‍സ് വിട്ടു നല്‍കിയാണ് ഹെഡ് നാല് വിക്കറ്റുകള്‍ നേടിയത്.

മത്സരശേഷം ഹെഡിന്റെ ഈ തകര്‍പ്പന്‍ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് സംസാരിച്ചിരുന്നു. ഹെഡ് അണ്ടര്‍ റേറ്റഡായ ഒരു ബൗളറാണെന്നാണ് മാര്‍ഷ് പറഞ്ഞത്.

‘അദ്ദേഹം വളരെ അണ്ടര്‍റേറ്റഡ് ആയിട്ടുള്ള ഒരു ബൗളര്‍ ആണെന്ന് ഞാന്‍ കരുതുന്നു. ഓരോ തവണയും ഹെഡ് പന്ത് എറിയുമ്പോള്‍ മത്സരത്തെ ഒരുതരത്തില്‍ മാറ്റിമറിക്കുന്നതായി തോന്നും. അവന്റെ ക്യാരക്ടര്‍ വളരെ മികച്ചതാണ്. ഞങ്ങള്‍ എപ്പോഴും അവന്റെ ആഘോഷങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നുണ്ട്.

ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഞങ്ങള്‍ക്ക് ഇത്ര ഓപ്ഷനുകള്‍ ഉണ്ടായിരിക്കുന്നത് വളരെ മികച്ചതാണ്. മത്സരത്തിന്റെ സാഹചര്യങ്ങള്‍ മാറിയിരുന്നു. അതുകൊണ്ടുതന്നെ അവനെപ്പോലുള്ള ഓപ്ഷനുകള്‍ ഞങ്ങള്‍ക്ക് ഉണ്ടായി. ഞങ്ങള്‍ വളരെ ഭാഗ്യവാന്മാരാണ്,’ മിച്ചല്‍ മാര്‍ഷ് പറഞ്ഞു.

പരമ്പരയിലുടനീളം തകര്‍പ്പന്‍ പ്രകടനമായിരുന്നു ഹെഡ് നടത്തിയിരുന്നത്. നാല് മത്സരങ്ങളില്‍ നിന്നും 248 റണ്‍സാണ് താരം അടിച്ചെടുത്തത്. 120.97 മികച്ച സ്‌ട്രൈക്ക് റേറ്റിലും 82.66 ആവറേജിലുമാണ് താരം ബാറ്റ് വീശിയത്.

പരമ്പരയിലെ അവസാന മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും പരമ്പരയിലെ പ്ലയെര്‍ ഓഫ് ദി സീരീസ് അവാര്‍ഡും ഹെഡ് ആണ് സ്വന്തമാക്കിയത്.

Content Highlight: Michell Marsh Talks About Travis Head

We use cookies to give you the best possible experience. Learn more