| Wednesday, 28th January 2015, 1:50 pm

സൗദിയിലെ സ്ത്രീ വിരുദ്ധ നയങ്ങളില്‍ മിഷേല്‍ ഒബാമക്ക് അസംതൃപ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്


റിയാദ്: അബ്ദുള്ള രാജാവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതിനായി ബറാക്ക് ഒബാമയുടെ കൂടെ സൗദിയിലെത്തിയ മിഷേല്‍ ഒബാമക്ക് രാജ്യത്ത് പുലര്‍ത്തി പോരുന്ന സ്ത്രീ വിരുദ്ധ നയങ്ങളില്‍ അതൃപ്തി. പര്യടനത്തിലുടനീളം മിഷേലിനെ അസന്തുഷ്ടയായിട്ടാണ് കാണാന്‍ കഴിഞ്ഞിരുന്നത്. നേരത്തെ സൗദിയില്‍ വിമാനമിറങ്ങിയ മിഷേലിന് ഹസ്തദാനം നടത്താന്‍ സൗദി അധികൃതര്‍ തയ്യാറായിരുന്നില്ല.

നേരത്തെ തങ്ങളുടെ ആഗ്ര സന്ദര്‍ശനം റദ്ദാക്കിയിട്ടായിരുന്നു ഒബാമയും മിഷേലും സൗദിയിലേക്ക് പറന്നിരുന്നത്. ഇന്ത്യയിലെ സന്ദര്‍ശനത്തില്‍ നിന്നും വ്യത്യസ്തമായി ശരീരം പൂര്‍ണമായും മറക്കുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചായിരുന്നു മിഷേല്‍ സൗദിയില്‍ വിമാനം ഇറങ്ങിയിരുന്നത്.

തല മറക്കാതെ സൗദിയില്‍ സന്ദര്‍ശനത്തിനെത്തിയ മിഷേലിന് കടുത്ത വിമര്‍ശനമാണ് സൗദിയിലെ ഓണ്‍ലൈന്‍ ലോകത്ത് നിന്നടക്കം ഉയര്‍ന്നിരുന്നത്. നേരത്തെ വത്തിക്കാന്‍ സന്ദര്‍ശന വേളയില്‍ മിഷേല്‍ തല മറച്ചിരുന്നതായും വിമര്‍ശകര്‍ പലരും ചൂണ്ടിക്കാട്ടി.

ഇത് കൂടാതെ ഒബാമക്കൊപ്പം പ്രത്യക്ഷപ്പെട്ട മിഷേലിന്റെ ദൃശ്യങ്ങള്‍ മറക്കുന്ന രീതിയില്‍ സൗദിയിലെ ഒരു സ്വകാര്യ ടെലിവിഷന്‍  പ്രക്ഷേപണം ചെയ്ത വീഡിയോയും ഓണ്‍ലൈന്‍ ലോകത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. അതേ സമയം തങ്ങള്‍ പ്രക്ഷേപണം ചെയ്ത ദൃശ്യങ്ങളില്‍ മിഷേലും ഉണ്ടായിരുന്നതായി ചാനല്‍ അവകാശപ്പെട്ടിരുന്നു.

സൗദിയില്‍ പിന്തുടരുന്ന ശരീഅത്ത് നിയമ പ്രകാരം സ്ത്രീകള്‍ക്ക് പൊതുവേദിയില്‍ തലമറച്ച് കൊണ്ട് മാത്രമേ പ്രത്യക്ഷപ്പെടാനാകുകയുള്ളൂ. ഇതില്‍ നിന്നും വിദേശ വനിതകള്‍ക്ക് മാത്രമാണ് ഇളവുള്ളത്. ഇത് കൂടാതെ ഡ്രൈവ് ചെയ്യുന്നതിലടക്കം സ്ത്രീകള്‍ക്ക് സൗദിയില്‍ വിലക്കുണ്ട്.

We use cookies to give you the best possible experience. Learn more