മിഷേല്‍ ബാര്‍ണിയ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി; അവിശ്വാസപ്രമേയത്തിനൊരുങ്ങി ഇടതുപക്ഷം
World News
മിഷേല്‍ ബാര്‍ണിയ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി; അവിശ്വാസപ്രമേയത്തിനൊരുങ്ങി ഇടതുപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th September 2024, 12:23 pm

പാരിസ്: രാഷ്ട്രീയ അനിശ്ചിതത്ത്വത്തിനൊടുവില്‍ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയായി മിഷേല്‍ ബാര്‍ണിയയെ നിയമിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രഞ്ച് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ബാര്‍ണിയ.

യൂറോപ്യന്‍ യൂണിയനിലെ ബ്രെക്‌സിറ്റിന്റെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതില്‍ പ്രധാനിയായിരുന്ന ബെര്‍ണിയ വലതുപക്ഷ പാര്‍ട്ടിയായ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവാണ്.

മാരി ലി പെന്നിന്റെ നാഷണല്‍ റാലി ഉള്‍പ്പെടുന്ന തീവ്ര വലതുപക്ഷ ഗ്രൂപ്പിലെ സഖ്യകക്ഷിയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ഗബ്രിയേല്‍ അത്തേല്‍ സ്ഥാനം ഒഴിയുന്ന പദവിയിലേക്കാണ് ബാര്‍ണിയ ചുമതലയേല്‍ക്കുന്നത്.

എന്നാല്‍ മാക്രോണിന്റെ ഈ നീക്കത്തിനെതിരെ എതിര്‍പ്പുമായി ഫ്രാന്‍സിലെ ഇടതുപക്ഷസഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ ഇടതുപക്ഷത്തെ തഴഞ്ഞ് വലതുപക്ഷ പ്രതിനിധിയെ പ്രധാനമന്ത്രിയാക്കിയതില്‍ അവര്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ബാര്‍ണിയക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള സാധ്യതയും ഇടതുപക്ഷത്തിന്റെ പരിഗണനയിലുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ബാര്‍ണിയ രണ്ട് തവണ യൂറോപ്യന്‍ യൂണിയന്റെ കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനകാലയളവിലാണ് അദ്ദേഹം ബ്രിട്ടന്റെ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. കൂടാതെ രണ്ട് തവണ ഫ്രഞ്ച് പാര്‍ലമെന്റിലെ ക്യാബിനറ്റ് മന്ത്രിപദവും ബാര്‍ണിയെ അലങ്കരിച്ചിട്ടുണ്ട്.

എന്നാല്‍ കുടിയേറ്റ വിരുദ്ധത പോലുള്ള തീവ്രവലതുപക്ഷ നിലപാട് പലപ്പോഴും സ്വീകരിച്ചിരുന്ന ബര്‍ണിയ ഫ്രാന്‍സില്‍ കുടിയേറ്റങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പലപ്പോഴായി വാദിച്ചിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്ത ഫ്രഞ്ച് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പദത്തില്‍ ഏറെ കാലം തുടരുക എന്നത് ബര്‍ണിയയെ സംബന്ധിച്ച് വളറെ ബുദ്ധിമുട്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ജൂണ്‍ 30ന് രാജ്യത്ത് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് തീവ്ര വലതുപക്ഷക്കാരിയായ മാരി ലി പെന്നിന്റെ പാര്‍ട്ടിയായ നാഷണല്‍ റാലി വലിയ മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഇടത് സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 190 സീറ്റുകളും മാക്രോണിന്റെ എന്‍സെംബിള്‍ 160ഉം മാരി ലി പെന്നിന്റെ നാഷണല്‍ റാലി 140 സീറ്റുകളും നേടി.

എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ സോഷ്യലിസ്റ്റ് പാര്‍ട്ടി, ഗ്രീന്‍സ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവര്‍ ഉള്‍പ്പെടുന്ന ഇടത് പക്ഷസഖ്യത്തെ തഴഞ്ഞ് വലതുപക്ഷത്തെ സര്‍ക്കാരുണ്ടാക്കാന്‍ മാക്രോണ്‍ ശ്രമം നടത്തിയിരുന്നു. ഇതിനതിരെ സെപ്റ്റ്ംബര്‍ ഏഴിന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങവെയാണ് പുതിയ നീക്കം.

അതേസമയം പ്രധാനമന്ത്രിയായി ചുമതലയേറ്റ ബാര്‍ണിയയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം അദ്ദേഹത്തിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് നാഷണല്‍ റാലി നേതാവ് മാരി ലി പെന്‍ അറിയിച്ചിട്ടുണ്ട്.

Content Highlight: Michel Barnier appointed as new French Prime Minister