വിരാട് കോഹ്‌ലിയും ലയണല്‍ മെസിയും ഒരുപോലെയാണ്: മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍
icc world cup
വിരാട് കോഹ്‌ലിയും ലയണല്‍ മെസിയും ഒരുപോലെയാണ്: മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th October 2023, 12:33 am

 

ഇന്ത്യയില്‍ നടക്കുന്ന 2023 ലോകകപ്പ് മാമാങ്കത്തില്‍ പോയിന്റ് പട്ടികയില്‍ ആധിപത്യമുറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. കളിച്ച അഞ്ച് മത്സരങ്ങളിലും തോല്‍വിയറിയാതെയാണ് ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നത്. സ്വന്തം മണ്ണില്‍ ഇന്ത്യ നേടിയ വിജയങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിച്ചവരുടെ കൂട്ടത്തില്‍ വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ പറയാതെ വയ്യ. ഉദ്ഘാടന മത്സരത്തില്‍ തന്നെ ഓസ്ട്രേലിയയോട് കോഹ്‌ലി 85 റണ്‍സ് അടിച്ചാണ് തുടങ്ങിയത്.

ധര്‍മശാലയില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ കോഹ്‌ലി 104 പന്തില്‍ 95 റണ്‍സിന്റെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അഞ്ച് റണ്‍സിന്റെ വ്യത്യാസത്തിലാണ് കോഹ്‌ലിക്ക് സച്ചിനോടൊപ്പമെത്താനുള്ള അവസരവും നഷ്ടമായത്.

ഏകദിനത്തില്‍ നിലവില്‍ 49 സെഞ്ച്വറികളാണ് സച്ചിന്റെ പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. കോഹ്‌ലി 48 സെഞ്ച്വറിയുമായി തൊട്ടു പുറകെയുമുണ്ട്. അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ 55 റണ്‍സും ബംഗ്ലാദേശിനെതിരെ തന്റെ 48ാം സെഞ്ച്വറിയും വിരാട് നേടിയിരുന്നു.

കോഹ്‌ലിയുടെ അസാധാരണമായ പ്രകടനത്തെ പല ക്രിക്കറ്റ് താരങ്ങളും നിരൂപകന്‍മാരും പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍ കോഹ്‌ലിയെ കുറിച്ച് പറയുകയാണ്.

‘ചെയ്സിങ്ങില്‍ വിരാട് കോഹ്‌ലി സമാനതകളില്ലാത്തവനാണ്. അവന്‍ ഫൈനലിന് മുമ്പ് 49ാം സെഞ്ച്വറിയും ഫൈനലില്‍ 50ാം സെഞ്ച്വറിയും സ്വന്തമാക്കിയാല്‍ ഞാന്‍ അത്ഭുതപ്പെടുകയില്ല. അത് വിധിക്കപ്പെട്ടതാണ്. യഥാര്‍ത്ഥ ചാമ്പ്യന്‍മാര്‍ എല്ലായിപ്പോഴും തിളങ്ങുകയും അവരുടെ പാരമ്പര്യം തുടരുകയും ചെയ്യും.

 

അര്‍ജന്റീനക്ക് വേണ്ടി ലയണല്‍ മെസി ലോകകപ്പ് നേടിയത് പോലെ. കോഹ്‌ലി ഇതിനോടകം ഒന്ന് നേടിക്കഴിഞ്ഞു. ഇന്ത്യയെ എല്ലാ രീതിയിലും നയിക്കാന്‍ അദ്ദേഹം തുനിഞ്ഞിറങ്ങിയതാണെന്ന് മനസ്സിലായില്ലെ.’ മൈക്കല്‍ ക്ലബ്ബ് പ്രേരി ഫയര്‍ പോഡ്കാസ്റ്റിനിടെ പറഞ്ഞു.

എന്നാല്‍ കോഹ്‌ലി തന്റെ ഉന്നതിയില്‍ ഇതുവരെ എത്തിയിട്ടില്ലെന്ന് ഓസിട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് വോണിന്റെ അഭിപ്രായത്തിന് മറുപടിയും പറഞ്ഞു.

‘നന്നായി എണ്ണ പുരട്ടി യന്ത്രം പോലെയാണ് വിരാട് പ്രവര്‍ത്തിക്കുന്നത്. അവന്‍ ഫുള്‍ ത്രോട്ടില്‍ അടിച്ചിട്ടില്ല. അവന്‍ അതിലേക്ക് എത്തുന്നതേ ഉള്ളു.’ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ഒക്ടോബര്‍ 29ന് ഇംഗ്ലണ്ടുമായുള്ള മത്സരത്തിന്റെ മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. എകാനാ സ്പോട്സ് സിറ്റിയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ വിജയപ്രതീക്ഷക്ക് അപ്പുറം കോഹ്‌ലിയുടെ മിന്നും പ്രകടനം കാണാന്‍ ആരാധകരും കാത്തിരിക്കുകയാണ്.

 

Content highlight: Micheal Vaughn compares Virat Kohli with Lionel Messi