| Friday, 27th January 2023, 9:41 am

സ്ഥിരം വിമര്‍ശകനും ഇപ്പോള്‍ ബോധ്യമായി; ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍

ആദര്‍ശ് എം.കെ.

2023ല്‍ ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പാണ് ക്രിക്കറ്റിലെ അടുത്ത ഗ്ലോബല്‍ ഇവന്റ്. 2011ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

ഏകദേശം ഒരു ദശാബ്ദ കാലമായി ഇന്ത്യക്ക് ഒറ്റ ഐ.സി.സി ട്രോഫി പോലും നേടാന്‍ സാധിച്ചിട്ടില്ല. ഇക്കാരണത്താലും സ്വന്തം മണ്ണില്‍ വെച്ച് ലോകകപ്പ് നടക്കുന്നതിനാലും ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദമേറെയാണ്.

എന്നാല്‍ ഇത്തവണ ഏകദിന ലോകകപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീമാണ് ഇന്ത്യയെന്ന നിരീക്ഷണവുമായെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ലെജന്‍ഡും മുന്‍ ഇംഗ്ലണ്ട് നായകനുമായ മൈക്കല്‍ വോണ്‍.

ഇന്ത്യയുടെ കളിശൈലിയും ഏകദിന ഫോര്‍മാറ്റിനോടുള്ള സമീപനം മാറിയതുമാണ് ഇന്ത്യയെ ലോകകപ്പ് ഫേവറിറ്റുകളാക്കുന്നത് എന്നാണ് വോണിന്റെ നിരീക്ഷണം.

‘ഇന്ത്യ ഒടുവിലിതാ ആക്രമണോത്സുകമായി ഏകദിനം കളിക്കാന്‍ ആരംഭിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ഇത്തവണ ലോകകപ്പ് നേടാന്‍ സാധ്യതകളേറെയാണ്,’ എന്നായിരുന്നു വോണിന്റെ ട്വീറ്റ്.

ഇന്ത്യന്‍ താരങ്ങളെയും ഇന്ത്യയിലെ ഗ്രൗണ്ടുകളെയുമെല്ലാം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും കളിയാക്കിക്കൊണ്ടുമാണ് വോണ്‍ സാധാരണ പ്രത്യക്ഷപ്പെടാറുള്ളത്.

മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യന്‍ ക്രിക്കറ്റിലെ ആസ്ഥാന ട്രോളനുമായ വസീം ജാഫറും വോണും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഏറെ പ്രസിദ്ധവുമാണ്.

വോണ്‍ സൂചിപ്പിച്ചതുപോലെ ഏകദിനത്തിലെ അറ്റാക്കിങ് സ്ട്രാറ്റജി ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ല. കഴിഞ്ഞ രണ്ട് പരമ്പരയും ഇന്ത്യ തൂത്തുവാരാന്‍ കാരണവും ഇതേ അറ്റാക്കിങ് ഗെയിം തന്നെയാണ്.

2023ല്‍ ഇതുവരെ രണ്ട് പരമ്പരകളില്‍ നിന്നുമായി ആറ് ഏകദിനമാണ് ഇന്ത്യ കളിച്ചത്. അതില്‍ നാല് തവണയാണ് ഇന്ത്യ 300ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. മറ്റ് രണ്ട് മത്സരങ്ങളില്‍ ചെയ്‌സിങ്ങിനിറങ്ങിയതാണ് ഇന്ത്യയെ 300 കടക്കാന്‍ അനുവദിക്കാതിരുന്നത്.

337, 219, 390, 349, 111, 385 എന്നിങ്ങനെയാണ് ഇന്ത്യന്‍ ടീമിന്റെ സ്‌കോറുകള്‍. ഇതേ അറ്റാക്കിങ് ഗെയിം തന്നെ പുറത്തെടുക്കാന്‍ സാധിച്ചാല്‍ ഏകദിന ലോകകപ്പിലും ഇന്ത്യക്ക് അത്ഭുതാവഹമായ മുന്നേറ്റം കാഴ്ചവെക്കാം.

പ്രധാന താരങ്ങളെല്ലാം തന്നെ ഫോമിലേക്കുയര്‍ന്നതാണ് ഇന്ത്യയെ ലോകകപ്പ് ഫേവറിറ്റുകളാക്കുന്ന മറ്റൊരു ഘടകം. ഇരട്ട സെഞ്ച്വറിയുമായി തിളങ്ങുന്ന ശുഭ്മന്‍ ഗില്ലും ഫോം മടക്കിയെടുത്ത വിരാട് കോഹ്‌ലിയും, ന്യൂസിലാന്‍ഡിനെതിരെ സെഞ്ച്വറിയടിച്ച് തിരിച്ചുവരവാഘോഷിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ കുറവറിയിക്കാത്ത ബൗളിങ് ഡിപ്പാര്‍ട്‌മെന്റും ഇന്ത്യയെ ചാമ്പ്യന്‍മാരാക്കാന്‍ പോന്നവര്‍ തന്നെയാണ്.

ബുംറയെ പോലെയോ ഒരു പക്ഷേ ബുംറയേക്കാള്‍ ഒരു പടി മുകളിലോ മികച്ച പ്രകടനം നടത്തുന്ന മുഹമ്മദ് സിറാജും വിമര്‍ശകരുടെ വായടപ്പിച്ച മുഹമ്മദ് ഷമിയും ഇരുവര്‍ക്കും കട്ടക്ക് സപ്പോര്‍ട്ടായി വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും പേസ് നിരയെ നയിക്കുമ്പോള്‍ കുല്‍ദീപ് യാദവും ചഹലും ജഡേജയുടെ കുറവറിയിക്കാത്ത വാഷിങ്ടണ്ണും സ്പിന്‍ നിരയില്‍ കരുത്താകും.

2011ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ചപ്പോള്‍ 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിശ്വകിരീടം ഇന്ത്യന്‍ മണ്ണിലേക്കെത്തിയിരുന്നു. 2023ല്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി ലോകകപ്പിന് വേദിയാവുകയാണ്. മറ്റൊരു കിരീടത്തിനായി തന്നെ നമുക്ക് കാത്തിരിക്കാം.

Content highlight: Micheal Vaughn about India’s world cup chances

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.