സ്മിത്തും വില്യംസണും നേര്‍ക്കുനേര്‍, അവര്‍ പുതിയ നാഴികകല്ല് പിന്നിടും: മൈക്കല്‍ ക്ലാര്‍ക്ക്
Sports News
സ്മിത്തും വില്യംസണും നേര്‍ക്കുനേര്‍, അവര്‍ പുതിയ നാഴികകല്ല് പിന്നിടും: മൈക്കല്‍ ക്ലാര്‍ക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st February 2024, 10:45 am

ന്യൂസിലന്‍ഡിനെതിരായ ഓസ്ട്രേലിയന്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ഫെബ്രുവരി 29 മുതല്‍ നടക്കാനിരിക്കുകയാണ്. മത്സരത്തില്‍ ഓസീസിന്റെ സ്റ്റീവ് സ്മിത്തും കിവീസിന്റെ കെയ്ന്‍ വില്യംസണും ഒരു സുപ്രധാന നാഴികക്കല്ലില്‍ എത്തുമെന്ന് പറയുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഇരുവരുടേയും ബാറ്റിങ്ങില്‍ മുന്‍ താരം വലിയ ആത്മവിശ്വാസത്തിലാണ്.

ഇരുവര്‍ക്കും ടെസ്റ്റില്‍ 32 സെഞ്ച്വറി ഉണ്ടെന്നും എന്നാല്‍ ഇനി വരാനുള്ള മത്സരങ്ങളില്‍ നിന്നും ഈ നേട്ടം 33 സെഞ്ച്വറിയും 34 സെഞ്ച്വറിയുമായി മാറുമെന്നും മുന്‍ താരം പ്രതീക്ഷയുയര്‍ത്തി.

‘പരമ്പര അവസാനിക്കുമ്പോള്‍ അവര്‍ ഓരോരുത്തരും 33 അല്ലെങ്കില്‍ 34 സെഞ്ച്വറികള്‍ അടിക്കും. അവര്‍ വ്യക്തിഗത നാഴികക്കല്ലുകള്‍ സജീവമായി പിന്തുടരുന്നില്ലെങ്കിലും, അവരുടെ ആധിപത്യം പ്രകടമാക്കും,’അദ്ദേഹം ESPN-നുമായുള്ള ഒരു ചര്‍ച്ചയില്‍ പറഞ്ഞു.

അതേസമയം സ്മിത്തിന്റെ പുതിയ ബാറ്റിങ് പൊസിഷനില്‍ സമ്മര്‍ദം ഉണ്ടാകുമെന്നും ക്ലാര്‍ക്ക് ചൂണ്ടിക്കാണിച്ചിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ വില്യംസണിന് മികച്ച കഴിവുണ്ടെന്ന് താരം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

 

‘തന്റെ ബാറ്റിങ് പൊസിഷനിലെ പുതിയ വെല്ലുവിളി കാരണം സ്മിത് കൂടുതല്‍ സമ്മര്‍ദവും ആന്തരിക പ്രതീക്ഷകളും നേരിടുന്നുണ്ട്. എന്നാല്‍ മികവ് പുലര്‍ത്താനും തന്റെ കരിയരില്‍ മികച്ച പ്രകടന നിലവാരം നിലനിര്‍ത്താനുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹം തീര്‍ച്ചയായും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് ആക്കം കൂട്ടും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്മിത്ത് 107 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. അതില്‍ 58.03 ശരാശരിയില്‍ 9634 റണ്‍സും താരം എഴുതിച്ചേര്‍ത്തിട്ടുണ്ട്. വില്യംസണ്‍ 98 ടെസ്റ്റുകളില്‍ നിന്ന് 50.99 ശരാശരിയില്‍ 8666 റണ്‍സും നേടിയിട്ടുണ്ട്. 2017/2018 ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ സ്മിത് 239 റണ്‍സ് നേടി ഉയര്‍ന്ന സ്‌കോറും നേടിയിട്ടുണ്ട്. മറുവശത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റില്‍ കെയ്ന്‍ വില്യംസന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 251 റണ്‍സാണ്.

നിലവില്‍ ഓസ്ട്രേലിയക്കെതിരെയുള്ള ന്യൂസിലാന്‍ഡിന്റെ മൂന്ന് ടി-ട്വന്റി മത്സര പരമ്പര വരാനിരിക്കുകയാണ്. ആദ്യ മത്സരം ഫെബ്രുവരി 21ന് വെല്ലിങ്ടണ്‍ റീജിയാണല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രണ്ടും മൂന്നും മത്സരം ഫെബ്രുവരി 23, 25 തിയ്യതിയില്‍ ഈഡണ്‍ പാര്‍ക്കിലാണ് നടക്കുന്നത്.

Content Highlight: Micheal Claark Talks About Kane Williamson And Steve Smith