| Tuesday, 3rd December 2024, 12:50 pm

'എന്ത് മണ്ടത്തരമാടോ പറയുന്നത്, സച്ചിനെ മറികടക്കാന്‍ പോന്ന ഒരു താരത്തെ കുറിച്ചാണ് സംസാരിക്കുന്നത്'

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡാരന്‍ ലെമാനെതിരെ രൂക്ഷവിമര്‍ശനുമായി ഇംഗ്ലണ്ട് ഇതിഹാസ താരം മൈക്കല്‍ വോണ്‍. ജോ റൂട്ടിനെക്കാള്‍ മികച്ച താരമാണ് വിരാട് കോഹ്‌ലിയെന്ന ലെമാന്റെ പരാമര്‍ശത്തിനെതിരെയാണ് വോണ്‍ രംഗത്തെത്തിയത്. സമീപ ഭാവിയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടക്കാന്‍ പോന്ന ഒരു താരത്തെ കുറിച്ചാണ് ഇത്തരം പരാമര്‍ശമെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ജോ റൂട്ടിന് ഒറ്റ സെഞ്ച്വറി പോലും നേടാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലെമാന്‍ ഇംഗ്ലണ്ട് ഇതിഹാസത്തെ വിമര്‍ശിച്ചത്. ജോ റൂട്ട് മികച്ച താരമാണെന്നും എന്നാല്‍ എക്കാലത്തെയും മികച്ച താരമാണെന്ന് വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ലെമാന്‍ പറഞ്ഞിരുന്നു.

റൂട്ട് ഓസ്‌ട്രേലിയയില്‍ മൂന്ന് തവണ പര്യടനം നടത്തിയിട്ടും ഒറ്റ തവണ പോലും ടെസ്റ്റ് സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ലെന്നും എന്നാല്‍ വിരാട് ഏഴ് തവണ ഓസ്‌ട്രേലിയന്‍ മണ്ണില്‍ റെഡ് ബോള്‍ സെഞ്ച്വറി നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മൈക്കല്‍ വോണ്‍ രംഗത്തെത്തിയത്.

‘എന്തൊരു അസംബന്ധമാണിത്. ആരോഗ്യത്തോടെയിരുന്നാല്‍ സമീപ ഭാവിയില്‍ തന്നെ സച്ചിനെ മറികടക്കാന്‍ പോന്ന ഒരു താരത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല എന്നത് ഒന്നിന്റെയും അവസാനമല്ല.

പക്ഷേ അവന്‍ അടുത്ത വര്‍ഷം അവിടെ വരും. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അവന്‍ കളിക്കും. നിലവില്‍ ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ ശൈലിയിലാണ് കളിക്കുന്നത്. ഡാരന്‍ ലെമാനെ വേട്ടയാടാനായാകും അവനെത്തുക എന്നൊരു തോന്നല്‍ എനിക്കുണ്ടാകുന്നു.

അടുത്ത വര്‍ഷം അവന്‍ അവിടെയത്തി കുറച്ച് സെഞ്ച്വറികള്‍ നേടിയേക്കും. പ്രത്യേകിച്ചും കൊക്കാബുര ബോളിനെതിരെ ഇംഗ്ലണ്ട് കളിക്കുന്ന ശൈലി പരിഗണിക്കുമ്പോള്‍ മികച്ച മത്സരം തന്നെയാകുമെന്നാണ് എനിക്ക് തോന്നുന്നത്,’ വോണ്‍ പറഞ്ഞു.

റൂട്ടിന് സച്ചിന്റെ ടെസ്റ്റ് റണ്‍സിന്റെ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുമെന്ന് വോണ്‍ നേരത്തെയും പറഞ്ഞിരുന്നു.

എന്നാല്‍ സച്ചിന്റെ മറ്റൊരു റെക്കോഡ് തകര്‍ത്താണ് റൂട്ട് ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. ടെസ്റ്റ് മത്സരത്തിന്റെ നാലാം ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടി താരമെന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റിലാണ് റൂട്ടിനെ തേടി ഈ നേട്ടമെത്തിയത്.

ടെസ്റ്റിന്റെ നാലാം ഇന്നിങ്സില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങള്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

ജോ റൂട്ട് – ഇംഗ്ലണ്ട് – 1630*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 1625

അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 1611

ഗ്രെയം സ്മിത്ത് – സൗത്ത് ആഫ്രിക്ക – 1611

ശിവ്നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 1580

അതേസമയം, മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചതോടെ 1-0ന് ഇംഗ്ലണ്ട് ലീഡ് നേടിയിരിക്കുകയാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് നേരിയ സാധ്യത തുറന്നിടാനും കിവികളെ കൂടുതല്‍ സമ്മര്‍ദത്തിലാഴ്ത്താനും ഈ വിജയത്തോടെ ഇംഗ്ലണ്ടിനായി.

ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെയാണ് പരമ്പരയിലെ രണ്ടാം മത്സരം. വെല്ലിങ്ടണിലെ ബേസിന്‍ റിസര്‍വാണ് വേദി.

Content Highlight: Michael Vaughn slams Darren Lehman on his remarks about Joe root

We use cookies to give you the best possible experience. Learn more