ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിക്കലും തകരില്ലെന്ന് കുറച്ച് കാലം മുമ്പ് വരെ ആരാധകര്‍ കരുതിയിരുന്ന നേട്ടമാണ് ഏറ്റവുമധികം ടെസ്റ്റ് റണ്‍സെന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോഡ്. ഇന്ത്യക്കായി ബാറ്റേന്തിയ 200 ടെസ്റ്റില്‍ നിന്നും 15,921 റണ്‍സാണ് സച്ചിന്‍ സ്വന്തമാക്കിയത്.
എന്നാല്‍ കുറച്ചുകാലങ്ങളായി സച്ചിന്റെ ഈ റെക്കോഡ് ഭിഷണി നേരിടുകയാണ്. സച്ചിനെ മറികടക്കാന്‍ സാധ്യതയുണ്ടെന്ന് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ കടുത്ത ആരാധകരെ കൊണ്ട് പറയിക്കുന്നതാകട്ടെ മോഡേണ്‍ ഡേ ലെജന്‍ഡും ഫാബ് ഫോറിലെ കരുത്തനുമായ ജോസഫ് എഡ്വാര്‍ഡ്‌സ് റൂട്ട് എന്ന ജോ റൂട്ടും.
നിലവില്‍ 33 വയസ് മാത്രം പ്രായമുള്ള റൂട്ട് ഇതിനോടകം തന്നെ 12,377 റണ്‍സ് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. നിലവിലെ ഫോമില്‍ തുടരുകയാണെങ്കില്‍ സച്ചിന്റെ ടെസ്റ്റ് റണ്‍സിന്റെ റെക്കോഡും വൈകാതെ തകര്‍ന്നുവീഴും.
ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പറയുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. റൂട്ടിന് സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷമായിരിക്കുമെന്നാണ് വോണ്‍ അഭിപ്രായപ്പെട്ടത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് തോന്നുന്നത് അവന് 3,500 റണ്‍സ് മാത്രമാണ് കുറവുള്ളതെന്നാണ്. ഏറ്റവും ചുരുങ്ങിയത് അവന്‍ മൂന്ന് വര്‍ഷം കൂടി കളിക്കും. അത്യധികം ഉത്സാഹിയായ താരങ്ങളില്‍ ഒരാളാണ് റൂട്ട്.
റൂട്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടക്കുകയാണെങ്കില്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ള ഏറ്റവും മികച്ച കാര്യമായിരിക്കും. കാരണം ഒരു ഇംഗ്ലീഷ് താരം ആ ലിസ്റ്റില്‍ ഒന്നാമതെത്തണമെന്ന് ബി.സി.സി.ഐ ഒരിക്കലും ആഗ്രഹിക്കില്ല,’ വോണ്‍ പറഞ്ഞു.
ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയ 145 ടെസ്റ്റില്‍ നിന്നും 50.93 ശരാശരിയിലാണ് റൂട്ട് റണ്‍സ് അടിച്ചുകൂട്ടുന്നത്. 34 സെഞ്ച്വറിയും 64 അര്‍ധ സെഞ്ച്വറിയും നേടിയ റൂട്ട് ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 15,921
റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – 13,378
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക/ഐ.സി.സി – 13,289
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ/ഐ.സി.സി – 13,288
അലിസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 12,472
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 12,400
ജോ റൂട്ട് – ഇംഗ്ലണ്ട് – 12,377*
ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ്/ ഐ.സി.സി – 11,953
ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 11,867
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 11,814
റൂട്ടിന്റെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോഡും സേഫല്ല. 51 അന്താരാഷ്ട്ര റെഡ് ബോള്‍ സെഞ്ച്വറിയാണ് മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ പേരിലുള്ളത്.
സച്ചിനേക്കാള്‍ 17 സെഞ്ച്വറികളാണ് റൂട്ടിന് കുറവുള്ളത്. എന്നാല്‍ 2021 മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 17 ടെസ്റ്റ് സെഞ്ച്വറി റൂട്ട് നേടിയിട്ടുണ്ട്.
കഴിഞ്ഞ് പത്ത് ടെസ്റ്റ് പരമ്പരകളില്‍ ഒമ്പതിലും റൂട്ടിന്റെ പേരില്‍ ടെസ്റ്റ് സെഞ്ച്വറി കുറിക്കപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ സച്ചിന്റെ ടെസ്റ്റ് സെഞ്ച്വറികളുടെ റെക്കോഡിനും ഗോള്‍ഡന്‍ ചൈല്‍ഡ് ഭീഷണിയാണ്.
Content highlight: Michael Vaughn about Joe Root braking Sachin Tendulkar’s record