| Saturday, 10th February 2024, 10:19 pm

മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ അവനാവും ഇംഗ്ലണ്ടിന്റെ പ്രധാന വെല്ലുവിളി: മൈക്കൽ വോൺ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം ഫെബ്രുവരി 15 മുതല്‍ 19 വരെ രാജ് കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ഈ ആവേശകരമായ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ യുവ ബാറ്റര്‍ യശ്വസി ജെയ്‌സ്വാളിനെ കുറിച്ച് സംസാരിച്ചു മുന്നോട്ടു വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ ജെയ്‌സ്വാള്‍ ഇംഗ്ലണ്ടിന് വലിയ വെല്ലുവിളി ഉയര്‍ത്തും എന്നാണ് മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞത്. ക്ലബ്ബ് പ്രെരി ഫയര്‍ ഫോര്‍ഡ് കാസ്റ്റ് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വോണ്‍.

‘ജെയ്‌സ്വാള്‍ ഇംഗ്ലണ്ടിന് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. അവന്‍ ഒരു അവിശ്വസനീയമായ കളിക്കാരന്‍ ആണ്. ഞാന്‍ മുംബൈയില്‍ വെച്ച് അവനെ കണ്ടിട്ടുണ്ട് എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അവന്‍ ഐ.പി.എല്ലില്‍ സെഞ്ച്വറി നേടി. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെയും അവന്‍ ഇരട്ടസെഞ്ച്വറി നേടി,’ മൈക്കല്‍ വോണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ജെയ്സ്വാള്‍ ഇരട്ട സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയിരുന്നു. 290 പന്തില്‍ 209 റണ്‍സാണ് താരം നേടിയത്. 19 ഫോറുകളും ഏഴ് സിക്‌സറുകളുമാണ് ഇന്ത്യന്‍ യുവ താരം അടിച്ചെടുത്തത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരുപിടി റെക്കോഡ് നേട്ടങ്ങളും ജെയ്സ്വാള്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം എന്ന റെക്കോഡ് നേട്ടമായിരുന്നു ജെയ്സ്വാള്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ 16 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവും സ്വന്തമാക്കിയിരുന്നു.

രണ്ട് ടെസ്റ്റുകളില്‍ നാല് ഇന്നിങ്‌സില്‍ നിന്നും 321 റണ്‍സാണ് ജെയ്‌സ്വാളിന്റെ അക്കൗണ്ടിലുള്ളത്. 80.25 ആണ് താരത്തിന്റെ ശരാശരി.

ഇന്ത്യക്കായി ആറ് ടെസ്റ്റ് മത്സരങ്ങളില്‍ 11 ഇന്നിങ്‌സില്‍ നിന്നും രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 637 റണ്‍സാണ് ജെയ്സ്വാള്‍ നേടിയത്. അതിന്റെയും മിന്നും ഫോം വരും മത്സരങ്ങളിലും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Michael Vaughan talks about Yashasvi Jaiswal

We use cookies to give you the best possible experience. Learn more